ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടിയാണ് എസ്തർ അനില്. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സീരീസുകളിലൂടെ ആണ് എസ്തർ ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഇളയ മകൾ ആയിട്ടായിരുന്നു എസ്തർ ചിത്രത്തിൽ എത്തിയത്. താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്ക് പാപനാശത്തിൽ കമൽഹാസന്റെ മകൾ ആയും എസ്തർ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ചൊരു പോസ്റ്റാണ് ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.
ബാംഗ്ലൂരിൽ നിന്നുള്ള ഫോട്ടോ ആണ് എസ്തർ അനിൽ പങ്കുവച്ചിരിക്കുന്നത്. ‘ഒരു ശരാശരി ഫേസ്ബുക്ക് അമ്മാവന്റെ ഡിപി ഇങ്ങനെയായിരിക്കും(നല്ല ഭാഗങ്ങൾ മാത്രം)’ എന്ന ക്യാപ്ഷനോടെ ആണ് താരം ഫോട്ടോ പങ്കുവച്ചത്. ആഹാരത്തിന്റെയും ക്ലോസപ് ഫോട്ടയും ബ്ലർ ആയിട്ടുള്ള ചിത്രങ്ങളും ആണ് നടി പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. “ഈ കുട്ടി ഉദ്ദേശിച്ചത് ഫൺ ആണെങ്കിലും അങ്ങനെ തോന്നിയില്ല. ആദ്യമായി ഫോൺ ഉപയോഗിക്കുന്നവർക് സെൽഫി വേണ്ട വണ്ണം എടുക്കാൻ അറിയില്ലായിരിക്കും. നാളെ ഈ കുട്ടിക്കും വയസ്സായി അപ്പോളത്തെ ടെക്നോളജി മുന്നിൽ അമ്മായി ആകുമ്പോൾ മനസ്സിലാകും, ദൃശ്യത്തിന്റെ മിടുക്ക് മാത്രമാണ് ഉള്ളത്. മറ്റുള്ളവരെ കളിയാക്കാൻ ശ്രമിക്കുന്നതിന് മുമ്പ് അത് മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.