ദില്ലി: മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിൽ രൂക്ഷമായി വിമർശിച്ച് നടി പ്രിയങ്ക ചോപ്ര. ആക്രമണത്തിൽ നടപടിയെടുക്കാന്‍ 77 ദിവസം വേണ്ടി വന്നു. വീഡിയോ വൈറലാകേണ്ടി വന്നു. ഒരു ന്യായീകരണങ്ങള്‍ക്കും അടിസ്ഥാനമില്ലെന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു. സ്ത്രീകളെ കരുവാക്കുന്ന നടപടി അനുവദിക്കാനാകില്ല. നീതിക്കായി കൂട്ടായി ശബ്ദമുയര്‍ത്തണണമെന്നും പ്രിയങ്കചോപ്ര പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം പുറത്തു വന്നത്.അതേസമയം, മണിപ്പൂരിൽ കുക്കി യുവതികൾക്കെതിരായ അതിക്രമത്തിൽ രൂക്ഷ പ്രതികരണവുമായി അനുപം ഖേറും രംഗത്തെത്തിയിട്ടുണ്ട്. സംഭവം പൈശാചികമായ പ്രവര്‍ത്തിയാണെന്നും വളരെ ലജ്ജാകരമാണെന്നും നടൻ ട്വീറ്റ് ചെയ്തു. കുറ്റവാളികൾക്ക് ചിന്തിക്കുമ്പോൾ തന്നെ വിറച്ച് പോകുന്ന തരത്തിലുള്ള ശിക്ഷ നൽകണമെന്നും അനുപം ഖേർ പറഞ്ഞു.
മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ നടത്തിയ പൈശാചികമായ ഈ പ്രവർത്തി ലജ്ജാകരമാണ്. ഞാന്‍ ഭയങ്കര ദേഷ്യത്തിലാണ്. ഈ ഹീനകൃത്യം ചെയ്ത ആളുകളെ കഠിനമായിതന്നെ ശിക്ഷിക്കണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നു. ആലോചിക്കുമ്പോൾ തന്നെ വിറച്ചു പോകുന്ന തരത്തിലുള്ള ശിക്ഷ നല്‍കണം”, എന്നാണ് അനുപം ഖേർ പറഞ്ഞത്.
മണിപ്പൂര്‍ വിഷയത്തില്‍ സിനിമാ മേഖലകളില്‍ നിന്നുള്ള നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. “മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ട് നടുങ്ങി, വെറുപ്പുണ്ടാക്കുന്ന ദൃശ്യങ്ങളാണ് അവ. കുറ്റവാളികൾക്ക് ഇത്തരം കുറ്റം ചെയ്യാന്‍ പോലും ആരും ആലോചിക്കാത്ത രീതിയില്‍ കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” , എന്നാണ് കഴിഞ്ഞ ദിവസം അക്ഷയ് കുമാര്‍ പ്രതികരിച്ചത്.
ഒരുദിവസം മുൻപാണ് രാജ്യത്തെ നടുക്കിയ ക്രൂരകൃത്യത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. മെയ് ആദ്യവാരത്തില്‍ ആണ് ഈ സംഭവം നടന്നിരിക്കുന്നത്. കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടത്തുകയും ചെയ്യുക ആയിരുന്നു. വീഡിയ പുറത്ത് വന്നതോടെ വൻ പ്രതിഷേധമാണ് രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം അരങ്ങേറിയത്.