ബ്രിഡ്ജ്ടൗൺ: പെർത്തിനോട് ചേർന്നുള്ള ചെറു പട്ടണമായ ബ്രിഡ്ജ്ടൗണിൽ 18 വയസ്സിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്ക് നൽകുന്നതിനേർപ്പെടുത്തിയ നിയന്ത്രണം തുടരും. ഈ വർഷം ആദ്യം മുതലാണ് 18 വയസിൽ താഴെയുള്ളവർക്ക് എനർജി ഡ്രിങ്ക് നൽകുന്നതിൽ നിരോധനം കൊണ്ടുവന്നത്. ടെലിത്തോൺ കിഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണ പദ്ധതിയുടെ ഭാഗമായി നടത്തിയ ഈ സംരഭം ഇനിയും തുടരുമെന്ന് ബ്രിഡ്ജ്ടൗൺ ജിപി സാറാ യംഗ്സൺ അറിയിച്ചു. ഈ നല്ല മാതൃക മറ്റ് കമ്മ്യൂണിറ്റികളും പിന്തുടരാൻ തയ്യാറെടുക്കുന്നതിലാണ് നിരോധനം നിലനിനിർത്തുന്നതെന്ന് സാറാ യംഗ്സൺ പറഞ്ഞു.
എനർജി ഡ്രിങ്ക് ലഭിക്കാതായതോടെ യുവാക്കൾ വെള്ളം പോലുള്ള മറ്റ് പാനീയങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. അത് മികച്ചതാണ്. എനർജി ഡ്രിങ്കിന്റെ നിരോധനത്തിന്റെ ഭാവിയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. നിരോധനം തുടരുന്നതിന് ഏകകണ്ഠമായ പിന്തുണ ലഭിച്ചു. പ്രാരംഭ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും പദ്ധതിക്ക് നേതൃത്വം നൽകിയ ഡോ.യങ്സൺ പറഞ്ഞു.
എനർജി ഡ്രിങ്ക് ഉപഭോഗം അമിതമായതോടെ ചെറുപ്പക്കാരുടെയിടയിൽ ഉത്കണ്ഠയുടെയും ഉറക്കമില്ലായ്മയുടെയും ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിരുന്നു. ഇപ്പോൾ അതിനൊരു മാറ്റമുണ്ടായി തുടങ്ങി. നമ്മുടെ സമൂഹത്തിൽ ഇതിന് ഫലമുണ്ടായതോടെ ഈ രീതി പിന്തുടരാനായി മറ്റുള്ളവരും എനർജി ഡ്രിങ്കുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനായി ടെലിത്തോൺ കിഡ്സ് ഇൻസ്റ്റിറ്റ്യൂട്ടിനെ സമീപിച്ചെന്ന് നിരോധനത്തിൽ പങ്കെടുത്ത ബ്രിഡ്ജ്ൗൺ കഫേ ഉടമ ലോറൽ കീനൻ പറഞ്ഞു.
18 വയസിൽ താഴെയുള്ളവർക്ക് സിഗരറ്റ് വിൽക്കില്ല, മദ്യം വിൽക്കില്ല അത് അവരുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷന്റെ പ്രസിഡന്റ് മിഖായേൽ പറഞ്ഞു. ചെറിയ കുട്ടികളിൽ കഫീൻ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ഏതൊരു ക്രിയാത്മക സമീപനത്തെയും സ്വാഗതം ചെയ്യും. ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതു മൂലം കുട്ടികളിൽ ഹൃദ്രോഗം, ഉറക്കമില്ലായ്മ, മോശമായ സ്വഭാവ പ്രകടനം എന്നിവ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.