മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി യുഎസില്‍ ഒരു മലയാള ചിത്രത്തിൻ്റെ ലോഞ്ചിംഗ് വിപുലമായ രീതിയിൽ ആഘോഷിക്കപ്പെട്ടു. മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്‍റെ ലോഞ്ച് ആണ് ന്യൂ യോർക്കിലെ ടൈം സ്ക്വയറിൽ ആഘോഷിക്കപ്പെട്ടത്. മോഹൻലാൽ ആരാധകരായ വലിയ കൂട്ടം പങ്കെടുത്ത വിപുലമായ പരിപാടി ആയിരുന്നു ഇത്. ഒരു ദിവസം മുഴുവൻ ഇവിടെ എമ്പുരാൻ്റെ ടീസർ ലൈവ് ആയി പ്രദർശിപ്പിച്ചു.
അറുപതോളം കലാകാരന്മാർ പങ്കെടുത്ത സംഗീത, നൃത്ത പരിപാടികൾ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി ന്യൂയോർക്ക് നിവാസികൾക്കും പുതുമയായിരുന്നു. കേരളം കഴിഞ്ഞാൽ ഒരു മലയാള സിനിമയുടെ ഇത്തരം ചടങ്ങുകൾ നടക്കുക ദുബൈയിലാണ്. വലിയ ജനപങ്കാളിത്തത്തോടെ അമേരിക്കയിൽ ഇത്തരമൊരു ചടങ്ങ് നടത്തുകയെന്നത് ശ്രമകരമായ ഒരു കാര്യമാണ്. നീൽ വിൻസെൻ്റ് ആയിരുന്നു ന്യൂയോർക്കിലെ ഈ പരിപാടിയുടെ കോഡിനേറ്റർ. യുഎസിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ആരാധകർ ഈ ആഘോഷ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍റെ ആഗോള റിലീസ് മാര്‍ച്ച് 27 ന് ആണ്. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.