മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് എമ്പുരാന്. ലൂസിഫറിന്റെ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ചിത്രം അക്കാലം മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നുമാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനിപ്പുറം മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ റിലീസിന് ഇനിയും ഒരാഴ്ച ശേഷിക്കെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകള്‍ ചര്‍ച്ചയാവുകയാണ്. അഡ്വാന്‍സ് ബുക്കിംഗിലൂടെ വലിയ സംഖ്യകളാണ് ചിത്രം ഓരോ ദിനവും കടന്നുപോകുന്നത്. കേരളത്തില്‍ ബുക്കിംഗ് ആരംഭിക്കുംമുന്പേയാണ് ഇതെന്നാണ് മോളിവുഡിനെ അത്ഭുതപ്പെടുത്തുന്നത്.
ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 11 കോടിയാണ്. ബോളിവുഡ് ബോക്സ് ഓഫീസ് അടക്കമുള്ള ട്രാക്കര്‍മാരുടെ കണക്കാണ് ഇത്. ബുക്കിംഗ് ആരംഭിച്ചിരിക്കുന്ന ഓവര്‍സീസ് മാര്‍ക്കറ്റുകളിലൊക്കെ ചിത്രം വമ്പന്‍ പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കാനുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ആരാധകര്‍. അതേസമയം ചിത്രത്തിന്റെ അര്‍ധരാത്രി പുറത്തെത്തിയ ട്രെയ്ലറിനും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഹൈപ്പിനൊത്തുള്ള പ്രേക്ഷകാഭിപ്രായങ്ങളും ചിത്രത്തിന് നേടാനായാല്‍ ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലത് ഈ ചിത്രം നേടുമെന്നത് ഉറപ്പാണ്.
അതേസമയം എമ്പുരാന്റെ വരവിന്റെ മുന്നോടിയായി ആദ്യ ഭാഗമായ ലൂസിഫര്‍ തിയറ്ററുകളിലേക്ക് ഇന്ന് വീണ്ടും എത്തുകയാണ്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തേ ആരംഭിച്ചിരുന്നു. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.