പാരിസ് : യൂറോപ്യൻ രാജ്യങ്ങള്‍ക്ക് സ്വന്തമായ വ്യോമപ്രതിരോധ സംവിധാനം വേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.ഇതിനായി അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് അബദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു. പാരിസില്‍ നടന്ന, 20 യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മാക്രോണ്‍.
ഉക്രയ്നില്‍ റഷ്യ നടത്തുന്ന ആക്രമണം വ്യോമപ്രതിരോധ സംവിധാനം കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ അമിതമായി ആശ്രയിക്കുന്നതെന്തിന്? യൂറോപ്പില്‍ത്തന്നെ നിര്‍മിക്കുന്ന ആയുധങ്ങള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം– അദ്ദേഹം പറഞ്ഞു.
മുമ്ബ് ജര്‍മനി മുന്നോട്ടുവച്ച യൂറോപ്യൻ സ്കൈ ഷീല്‍ഡ് പ്രോജക്ടിനോടുള്ള നിശിതമായ വിമര്‍ശം തുടരുകയുമാണ് ഫ്രാൻസ്. ആയുധങ്ങള്‍ക്കായി അമേരിക്കൻ കമ്ബനികളെ അമിതമായി ആശ്രയിക്കുന്ന നിര്‍ദേശങ്ങളുള്ള പദ്ധതി യൂറോപ്പിന്റെ വ്യോമമേഖലയിലെ പരമാധികാരത്തെ ഹനിക്കുന്നതാണെന്ന വാദം മാക്രോണ്‍ ആവര്‍ത്തിച്ചു.