ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ നടത്തിക്കൊണ്ടു പോകുന്നത് വേദന നിറഞ്ഞതാണെന്നും ശരിയായ വ്യക്തി എത്തിയാല്‍ ട്വിറ്റര്‍ വില്ക്കാന് താന്‍ തയ്യാറായേക്കാമെന്നും ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്.ഒരു ബ്രിട്ടീഷ് മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മസ്കിന്റെ പ്രതികരണം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 44 ബില്യണ്‍ ഡോളറിന് മസ്ക് ട്വിറ്റര്‍ വാങ്ങിയത്. അതിന് ശേഷം പകുതിയിലേറെ ജീവനക്കാരെ പിരിച്ചുവിട്ടതുള്‍പ്പെടെ നിരവധി മാറ്റങ്ങളാണ് മസ്ക് ട്വിറ്ററില്‍ നടപ്പാക്കിയത്. അതേസമയം, ട്വിറ്റര്‍ നടത്തിപ്പില്‍ തനിക്ക് മടുപ്പില്ലെന്നും ഇതൊരു ഒരു റോളര്കോസ്റ്ററിനെ പോലെയാണെന്നും മാദ്ധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് മസ്ക് പ്രതികരിച്ചു.
ഏതാനും മാസങ്ങളായി കടുത്ത ജോലി സമ്മര്‍ദ്ദമുണ്ടെന്നും തിരക്ക് കാരണം ഓഫീസില്‍ തന്നെ കിടന്നുറങ്ങേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്തിടെ, മസ്ക് നീല പക്ഷിയെ മാറ്റി ഡോജ്കോയിന് എന്ന ക്രിപ്റ്റോ കറന്‍സിയുടെ ചിഹ്നമായ ഷിബ ഇനു വര്‍ഗത്തിലെ നായയെ ട്വിറ്ററിന്റെ ലോഗോ ആക്കിയതും ദിവസങ്ങള്‍ക്കുള്ളില്‍ നീല പക്ഷിയെ തന്നെ ലോഗോ ആയി പുനഃസ്ഥാപിച്ചതും വാര്‍ത്തയായിരുന്നു.