കാലിഫോര്‍ണിയ: ഭിന്നശേഷിക്കാരനും രോഗിയുമായ ട്വിറ്റർ ജീവനക്കാരനെ അപമാനിച്ച് ഇലോൺ മസ്ക്. ഐസ്ലാൻഡിൽ നിന്നുള്ള ഡിസൈനർ ഹാലിയോടാണ് മസ്ക് ട്വിറ്ററിൽ മോശമായി പെരുമാറിയത്. മസ്കുലർ അട്രോഫി രോഗിയായ ഹാലിയുടെ രോഗാവസ്ഥയെ പോലും അധിക്ഷേപിച്ച മസ്കിനെതിരെ ട്വിറ്ററിൽ തന്നെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. കാര്യങ്ങൾ കൈവിട്ട് പോയെന്ന് മനസിലായതോടെ ട്വിറ്റർ മേധാവി ഖേദപ്രകടനം നടത്തി.
പ്രിയപ്പെട്ട ഇലോൺ മസ്ക് ഒന്പത് ദിവസമായി കന്പനി കന്പ്യൂട്ടറിലേക്ക് എനിക്ക് ലോഗിൻ ചെയ്യാൻ പറ്റുന്നില്ല. എച്ച് ആറുമായി ബന്ധപ്പെട്ടപ്പോൾ മറുപടിയൊന്നും കിട്ടിയതുമില്ല. എന്റെ ജോലി നഷ്ടമായോ ഇല്ലയോ എന്ന് വ്യക്തമാക്കണം. ഇതായിരുന്നു ഹറാൽദുർ തോർലൈഫ്സൺ എന്ന ഹാലിയുടെ ട്വീറ്റ്. അൽപ്പം കഴിഞ്ഞപ്പോൾ മസ്കിന്റെ മറുപടിയെത്തി. എന്താണ് ട്വിറ്ററിൽ നിങ്ങളുടെ ജോലിയെന്നായിരുന്നു മറു ചോദ്യം. ഹാലിയുടെ വിശദമായ മറുപടിയോട് പരിഹാസ രൂപേണയായിരുന്നു മസ്കിന്റെ പ്രതികരണം.ഇതിനെല്ലാമിടയിൽ ഹാലിക്ക് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നുവെന്ന ട്വിറ്റർ എച്ച് ആറിന്റെ സന്ദേശമെത്തി. .ഇതിന് ശേഷമായിരുന്നു ഹാലി പണിയൊന്നും എടുക്കുന്നില്ലെന്നും രോഗാവസ്ഥയുടെ പേരും പറഞ്ഞ് കന്പനിയെ പറ്റിക്കുകയായിരുന്നുവെന്നുമുള്ള കുറ്റപ്പെടുത്തൽ. ലോകത്തിലെ തന്നെ എറ്റവും മികച്ച ഡിസൈനർമാരിലൊരാളെയാണ് മസ്ക് അപമാനിച്ചത്. 25ആം വയസിൽ കാലുകളുടെ ചലനശേഷി നഷ്ട്പെട്ട ഹാലി പിന്നീട് യുഎനോ എന്ന പേരിൽ സ്വന്തം ഡിസൈൻ മാർക്കറ്റിംഗ് കന്പനി തുടങ്ങി.
ഐസ്ലാൻഡിലെ എറ്റവും പ്രമുഖ കന്പനികളിലൊന്നായി വളർന്ന യുഎനോയെ ട്വിറ്റർ ഏറ്റെടുക്കുകയായിരുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കൊണ്ടും മികച്ച ഡിസൈനുകൾ കൊണ്ടും ശ്രദ്ധേയനായ ഹാലിയോട് അധിക്ഷേപകരമായാണ് മസ്ക് പെരുമാറിയത്. കൈ വയ്യാത്തയാൾ ഇവിടെ ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് പരാമർശം വരെ അധിക്ഷേപം നീണ്ടു. പിന്നാലെ ഹാലിയും ശക്തമായി തിരിച്ചടിച്ചു. സദാസമയം അംഗരക്ഷകരെ കൂടെ കൂട്ടുന്ന മസ്കിന്റെ ഭയത്തെ പരിഹസിച്ച ഹാലി തനിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. അപ്പോഴും അധിക്ഷേപമായിരുന്നു മസ്കിന്റെ മറുപടി.ലോകത്തിലെ എറ്റവും സന്പന്നനായ മനുഷ്യൻ അൽപ്പനാണെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം.