കൊച്ചി: ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരുഖ് സെയ്ഫിയുടെ ആവശ്യം കോടതി തള്ളി. ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്ന ഷാരൂഖ് സെയ്ഫിയുടെ ആവശ്യമാണ് കോടതി തള്ളിയത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്നായിരുന്നു കേസിലെ മുഖ്യപ്രതി ഷാരൂഖിന്റെ ആവശ്യം. എന്നാൽ ഇത് തള്ളിയ കോടതി, അഭിഭാഷകന് നിയമാനുസൃതമായി ജയിലിലെത്തി പ്രതിയോട് സംസാരിക്കാമെന്ന് വ്യക്തമാക്കി.
ഷാരൂഖ് സെയ്ഫിയുടെ ആവശ്യം കോടതിയിൽ എൻ ഐ എ ശക്തമായി എതിർത്തിരുന്നു. നേരത്തെ കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകനുമായി സംസാരിച്ചതും കോടതി ചൂണ്ടിക്കാട്ടി. ശനിയാഴ്ച ഷാരൂഖിനെ ഓൺലൈനായി കൊച്ചി പ്രത്യേക എൻ ഐ എ കോടതിയിൽ ഹാജരാക്കും. കുറ്റകൃത്യത്തിൽ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലടക്കം ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന്റെ ആസൂത്രണവും ഗൂഢാലോചനയുമടക്കം എൻ ഐ എ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സൈഫിക്കെതിരെ പ്രത്യേക അന്വേഷണ സംഘം യു എ പി എ ചുമത്തിയതോടെയാണ് എൻ ഐ എ അന്വേഷണത്തിന് വഴിതുറന്നത്.പ്രതി ഷാറൂഖ് സെയ്ഫി ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതിൽ ദൂരൂഹതയുണ്ടെന്ന് എൻ ഐ എ നേരത്തെ ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോര്‍ട്ടിൽ പരാമർശിച്ചിരുന്നു. തീവയ്പിന് ആസൂത്രിത സ്വഭാവമുണ്ട്. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നത് തള്ളാനാകില്ലെന്നുമാണ് എൻ ഐ എ റിപ്പോര്‍ട്ടിൽ ചൂണ്ടികാട്ടിയിരുന്നു.അന്വേഷണം കേരള പൊലീസിൽ മാത്രമായി ഒതുക്കിയാൽ മറ്റു കണ്ണികളിലേക്ക് എത്തില്ലെന്നും സൂചിപ്പിച്ചാണ് എൻ ഐ എ അന്ന് റിപ്പോർട്ട് നൽകിയത്. ബോഗിയിലെ മുഴുവൻ പേരെയും വധിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കരുതേണ്ടി വരുമെന്നും ഇക്കാര്യത്തിൽ വ്യക്തത ലഭിക്കാൻ സമഗ്രമായ അന്വേഷണം വേണമെന്നും എൻ ഐ എ വ്യക്തമാക്കിയിരുന്നു.