ചൊവ്വാഴ്ച്ച ഐസ്ലാന്‍റില്‍ നിന്നും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പറന്ന ഈസി ജെറ്റ് ഫൈറ്റിലെ യാത്രക്കാർ അപൂർവ്വ കാഴ്ച്ചയ്ക്ക് സാക്ഷികളായി. അപൂര്‍വ്വമായി മാത്രം ദൃശ്യമാകുന്ന നോര്‍ത്തേണ്‍ ലൈറ്റ് അഥവാ ധ്രുവദീപ്തിയുടെ കാഴ്ചയായിരുന്നു അത്.
വിമാനത്തിന്‍റെ ഒരു വശത്തെ യാത്രക്കാര്‍ക്ക് മാത്രമായിരുന്നു ഈ അത്ഭുത വെളിച്ചം കാണാന്‍ സാധിച്ചിരുന്നത്. എന്നാല്‍, മറുവശത്തെ യാത്രക്കാര്‍ക്കും നോര്‍ത്തേണ്‍ ലൈറ്റ് കാണുന്നതിനായി വിമാനത്തിന്‍റെ പൈലറ്റ് വിമാനത്തെ 360 ഡിഗ്രിയില്‍ വട്ടം കറക്കിയതോടെയാണ് ഇരുവശത്തെ യാത്രക്കാര്‍ക്കും ധ്രുവദീപ്തി കാണാന്‍ സാധിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഐസ്‍ലാന്‍റിന്‍റെ തലസ്ഥാനമായ റെക്ജവികില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് പറക്കുന്നതിനിടെ ഇംഗ്ലണ്ടിന്‍റെ ആകാശത്താണ് അപൂര്‍വ്വമായ ധ്രുവദീപ്തി ദൃശ്യമായത്. ധ്രുവദീപ്തിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട ഈസിജെറ്റിലെ യാത്രക്കാര്‍ പൈലറ്റിന് നന്ദിയറിയിച്ചു. ‘റെക്ജവികില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് പറന്ന ഈസിജെറ്റ് EZY1806 ലെ പൈലറ്റിന് വലിയ നന്ദി. വിമാനം 360 ഡിഗ്രി കറക്കി അദ്ദേഹം വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും ധ്രുവ ദീപ്തി കാണാന്‍ അവസരമൊരുക്കി.’ വിമാന യാത്രക്കാരനായ ആഡം ഗ്രോവ് തന്‍റെ ട്വിറ്ററില്‍ എഴുതി. ഒപ്പം വിമാനത്തിന്‍റെ ഗ്ലാസില് കൂടിയെടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.