ലണ്ടന്‍: ഭൂമിയുടെ കാന്തിക ധ്രുവങ്ങളുടെ ചലന വേഗത അപകടകരമായ തോതില്‍ വർധിക്കുന്നതായി പഠനം. ഇതേ രീതിയില്‍ വേഗത തുടര്‍ന്നാല്‍ അടുത്ത ദശകത്തിൽ ഭൂമിയുടെ കാന്തിക ഉത്തരധ്രുവം (Magnetic North Pole) 660 കിലോമീറ്റർ കൂടി നീങ്ങും. കാന്തിക ഉത്തരധ്രുവം കാനഡയിൽ നിന്ന് സൈബീരിയയിലേക്ക് ഏകദേശം 2,250 കിലോമീറ്റർ ഇതിനകം നീങ്ങിയിട്ടുണ്ട് എന്നാണ് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയുടെ അനുമാനം.
കാന്തിക ഉത്തരധ്രുവം കാനഡയുടെ ഭാഗത്ത് നിന്ന് മാറി സൈബീരിയക്ക് നേരെയാണ് ഇപ്പോൾ നീങ്ങുന്നത്. ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയിലെ (ബിജിഎസ്) ശാസ്ത്രജ്ഞരുടെ നിരീക്ഷണം അനുസരിച്ച് 2040-ഓടെ എല്ലാ കോമ്പസുകളുടെയും യഥാർഥ വടക്ക് കൂടുതല്‍ കിഴക്കോട്ട് തിരിയാനാണ് സാധ്യത. ഇക്കഴിഞ്ഞ 40 വർഷത്തിനിടെ ദുരൂഹമാം വിധം കാന്തിക ധ്രുവങ്ങളുടെ സ്ഥാനചലന വേഗം വർധിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.
ഭൗമശാസ്ത്രപരമായ ഉത്തരധ്രുവം (Geographic North Pole) സ്ഥായിയാണെങ്കില്‍ കാന്തിക ഉത്തരധ്രുവം നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തില്‍ ചലിച്ചിരുന്ന കാന്തിക ഉത്തരധ്രുവമാണ് 1990നും 2005നും ഇടയില്‍ മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗത്തിലേക്ക് മാറിയത്. ഇത് കാലാവസ്ഥയിലും സാങ്കേതികരംഗത്തും വലിയ ആശങ്കകള്‍ക്ക് കാരണമാകുന്ന മാറ്റമാണ്.
കാന്തിക ഉത്തരധ്രുവത്തിന്റെ ചലനം മൊബൈല്‍ ഫോണുകള്‍ മുതല്‍ വിമാനങ്ങളെയും മുങ്ങിക്കപ്പലുകളെയും വരെ സ്വാധീനിക്കും. ഭൂമിയുടെ കാന്തിക ധ്രുവങ്ങൾക്കനുസരിച്ചാണ് ലോകത്തെ നാവിഗേഷൻ സംവിധാനങ്ങളെല്ലാം പ്രവർത്തിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉപയോഗിക്കുന്ന നാവിഗേഷൻ സർവീസായ ജിപിഎസിന്റെ കൃത്യത നഷ്ടപ്പെട്ടാൽ ജനജീവിതം താറുമാറാകും. ഉത്തര കാന്തികധ്രുവത്തിന്റെ ചലനം സൃഷ്ടിക്കുന്ന പ്രശ്നം മറികടക്കാന്‍ വേൾഡ് മാഗ്നറ്റിക് മോഡലിൽ മാറ്റം വരുത്തുകയാവും പോംവഴി.