ബീജിംഗ് : ഭൂമിയ്ക്കടിയിലേക്ക് ഗവേഷണാര്‍ത്ഥം 32,808 അടി ആഴത്തിലുള്ള കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് ചൈനീസ് ഗവേഷകര്‍.
ചൈനയിലെ എണ്ണ സമ്ബുഷ്ട മേഖലയായ ഷിൻജിയാംഗിലെ താരിം നദീതട പ്രദേശത്ത് ചൊവ്വാഴ്ചയാണ് ഇതിന്റെ ഡില്ലിംഗ് ആരംഭിച്ചതെന്ന് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.
അന്നേ ദിവസം തന്നെ പുലര്‍ച്ചെ തങ്ങളുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് ഒരു സിവിലിയൻ അടക്കം മൂന്ന് സഞ്ചാരികള്‍ യാത്രതിരിച്ചതിന് പിന്നാലെയാണ് ഭൂമിയ്ക്കുള്ളിലേക്കുള്ള പര്യവേക്ഷണത്തിന് ചൈന തുടക്കമിട്ടത്. ചൈന നിര്‍മ്മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ആഴമേറിയ കുഴല്ക്കിണറാകും ഇത്.
ഭൂമിയ്ക്കടിയില്‍ 145 ദശലക്ഷം പഴക്കമുള്ള പാറകളാല്‍ നിറഞ്ഞ ഭൂവല്‍ക്കം ലക്ഷ്യമാക്കിയാണ് ഡ്രില്ലിംഗ്. ഭൂമിയ്ക്കടിയിലെ പര്യവേക്ഷണങ്ങളുടെ സാദ്ധ്യതകള്‍ പരിശോധിക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് 2021ല്‍ ആഹ്വാനം ചെയ്തിരുന്നു. ധാതുക്കള്‍, ഊര്‍ജ വിഭവങ്ങള്‍ എന്നിവ തിരിച്ചറിയാനും ഭൂകമ്ബം, അഗ്നിപര്‍വത സ്ഫോടനം തുടങ്ങിയ പ്രകൃതി ദുരന്ത സാദ്ധ്യതകള്‍ മുൻകൂട്ടി തിരിച്ചറിയാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഇപ്പോഴത്തെ ഡില്ലിംഗിന്റെ പിന്നിലെ വ്യക്തമായ കാരണം ചൈന വിശദീകരിച്ചിട്ടില്ല.
അതേ സമയം, ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യനിര്‍മ്മിത പോയിന്റ് റഷ്യയിലെ ‘ കോലാ സൂപ്പര്‍ഡീപ്പ് ബോര്‍ഹോള്‍” എന്ന ആണ്. 9 ഇഞ്ച് മാത്രം വ്യാസമുള്ള ഈ കുഴല്‍ക്കിണറിന്റെ ആഴം 40,230 അടിയാണ് ( 7.6 മൈല്‍ ).ഭൂമിയുടെ അകക്കാമ്ബിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ റഷ്യയുടെ വടക്കു പടിഞ്ഞാറ്, നോര്‍വേയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള കോലാ ഉപദ്വീപില്‍ 1970ലാണ് ശാസ്ത്രജ്ഞര്‍ കോലാ ബോര്‍ഹോളിന്റെ നിര്‍മ്മാണം തുടങ്ങിയത്. ലോകത്തെ ഏറ്റവും ആഴമേറിയ ഭാഗമായ പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിലെ ചലഞ്ചര്‍ ഡീപ്പിനെക്കാള്‍ ആഴം കൂടുതലുണ്ട് കോലാ ബോര്ഹോളിന്. 6.7 മൈല്‍ വരെയാണ് ചലഞ്ചര്‍ ഡീപ്പിന്റെ ആഴം.!
ഏകദേശം 20 വര്‍ഷത്തോളം നീണ്ട ഡ്രില്ലിംഗിനും പരീക്ഷണങ്ങള്‍ക്കും ശേഷം 1992ല്‍ കോലാ ബോര്‍ഹോളിന്റെ ഡ്രില്ലിംഗ് അവസാനിപ്പിച്ചു. ഭൂമിക്കടിയില്‍ ചൂട് 365 ഫാരൻഹീറ്റ് വരെ ഉയര്‍ന്നതോടെ യന്ത്രങ്ങളെല്ലാം പ്രവര്‍ത്തന രഹിതമായി. ഇതോടെ ലക്ഷ്യം നേടാതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 15,000 മീറ്റര്‍ എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യമെങ്കിലും 12262 മീറ്ററില്‍ വച്ച് അവസാനിപ്പിച്ചു. ഡ്രില്ലിംഗിനിടെ സൂഷ്മ സസ്യങ്ങളുടെയും ജീവികളുടെയും ഉള്‍പ്പെടെ ഫോസിലുകളും ദശലക്ഷം വര്‍ഷം പഴക്കമുള്ള പാറകളും സ്വര്‍ണത്തിന്റെയും രത്നങ്ങളുടെയും നിക്ഷേപവും കണ്ടെത്തിയിരുന്നു.
കൂടാതെ ഭൂമിയുടെ അകത്തെ പാളികളെ പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ മനസിലാക്കാൻ ഗവേഷകര്‍ക്ക് കഴിഞ്ഞു. ഇന്ന് സീല്‍ ചെയ്ത് പൂട്ടിയ നിലയിലുള്ള കോലാ ബോര്‍ഹോളിന്റെ സമീപ പ്രദേശത്ത് ജനവാസമില്ല.