ഭൂഗർഭജലത്തിന്റെ അമിതമായ ഉപയോഗം ഭൂമിയുടെ സന്തുലിതാവസ്ഥയിലും ഭ്രമണത്തിലും മാറ്റം വരുത്തുന്നതായി മുന്നറിയിപ്പ്. ഭൂഗര്‍ഭജല തോതിലെ കുറവ് കാരണം ഭൂമിയുടെ അച്ചുതണ്ട് വെറും 17 വര്‍ഷം കൊണ്ട് 31.5 ഇഞ്ച് (ഏകദേശം 80 സെന്റീമീറ്റര്‍) കിഴക്കോട് ചരിഞ്ഞതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഭൂമിയുടെ അച്ചുതണ്ട് 31.5 ഇഞ്ച് കിഴക്കോട്ട് വ്യത്യാസപ്പെട്ടു. എന്നാലിത് വലിയ ഭൂകമ്പങ്ങള്‍ കാരണമോ, ഛിന്നഗ്രഹങ്ങള്‍ കൂട്ടിയിടിച്ചോ, സൂര്യനിലുണ്ടായ എന്തെങ്കിലും വ്യതിയാനം കാരണമോ അല്ല. ടണ്‍കണക്കിന് ഭൂഗർഭജലം മനുഷ്യന് വിവിധ ആവശ്യങ്ങള്‍ക്കായി വലിച്ചെടുത്തതിനാലാണ് ഭൂമിയുടെ അച്ചുതണ്ടില്‍ ഈ മാറ്റമുണ്ടായത് എന്നാണ് സോള്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ജിയോഫിസിസ്റ്റായ കി-വോന്‍ സിയോയുടെ നേതൃത്വത്തിലുള്ള പഠനസംഘത്തിന്റെ കണ്ടെത്തല്‍. ഭൂഗർഭജലത്തിന്റെ ചലനവും വിതരണവും ഭൂമിയുടെ ഭ്രമണ അച്ചുതണ്ടില്‍ വലിയ സ്വാധീനം ചെലുത്തുന്നതായി സിയോ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സമുദ്രനിരപ്പ് 0.24 ഇഞ്ച് ഉയര്‍ത്താന്‍ തക്ക കാരണമായ 2,150 ഗിഗാടണ്‍ ഭൂഗര്‍ഭജലം 1993നും 2010നും ഇടയില്‍ മനുഷ്യന് മണ്ണില്‍ നിന്നെടുത്ത് പുനരുപയോഗം ചെയ്തതായാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഈ ഭൂഗര്‍ഭജല ഉപയോഗമാണ് ഭൂമിയുടെ അച്ചുതണ്ടില്‍ രണ്ട് പതിറ്റാണ്ടിനിടെ 31ലധികം ഇഞ്ചിന്റെ ചരിവ് സൃഷ്ടിച്ചത്. ഭൂമിയുടെ അച്ചുതണ്ടിലുണ്ടായ മാറ്റം സമുദ്രജലത്തിന്റെ അളവ് വര്‍ധിക്കുന്നതിന് കാരണമായി.
എന്നാല്‍ ഭൂമിയുടെ അച്ചുതണ്ടിലെ സമീപകാല ചരിവ് വിവിധ കാലാവസ്ഥാ സീസണുകളെ ഉടനടി തച്ചുടച്ച് മാറ്റില്ലെങ്കിലും ഭാവിയില്‍ ആഗോള കാലാവസ്ഥാ രീതികളെ സ്വാധീനിച്ചേക്കാം എന്നാണ് നിഗമനം. ഭൂഗര്‍ഭജല ഉപയോഗത്തില്‍ മുന്നില്‍ നില്ക്കുന്ന പ്രദേശങ്ങളില്‍ വടക്കുപടിഞ്ഞാറൻ ഇന്ത്യയുമുണ്ട് എന്നത് ഭൂഗര്‍ഭജല ഉപഭോഗത്തില്‍ സുസ്ഥിരപാത രാജ്യം പിന്തുടരേണ്ടതുണ്ട് എന്ന സൂചന നല്കുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് അടക്കമാണ് ഭൂഗര്‍ഭജലത്തെ മനുഷ്യന് കൂടുതലായി ആശ്രയിക്കുന്നത്.