ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി ഓസ്ട്രേലിയ. കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇസിഗരറ്റുകളുടെ ഉപയോഗം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പുകവലി പൂര്‍ണമായും നിരോധിക്കാനുള്ള ശ്രമങ്ങളില്‍ മുന്‍നിരയില്‍ നില്ക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. 2012ല്‍ സിഗരറ്റിന് പ്ലെയിന്‍ പാക്കേജിംഗ് നിയമം നടപ്പാക്കുന്ന ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ.
ഇ സിഗരറ്റിനെതിരെ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യം പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാഗമായി ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്പോസിബിള്‍ വേപ്പുകള്‍ ഓസ്ട്രേലിയ നിരോധിക്കും. അവയുടെ ഇറക്കുമതി നിര്‍ത്താനുമാണ് തീരുമാനം. സ്കൂളുകളില്‍ വ്യാപകമായി വിദ്യാര്‍ത്ഥികള്‍ വാപ്പിംഗ് ഉപയോഗിക്കുന്നതെന്നും പ്രൈമറി സ്കൂളുകളിലും ഹൈസ്കൂളുകളിലും ഇ സിഗരറ്റ് വ്യാപകമാണെന്നും ഓസ്ട്രേലിയന്‍ ആരോഗ്യമന്ത്രി മാര്‍ക്ക് ബട്ട്ലര്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ നിയമപരമായി കുറിപ്പടി ഇല്ലാതെ നിക്കോട്ടിന് ഇസിഗരറ്റുകള്‍ വാങ്ങുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ പല കടകളിലും ഇവ വ്യാപകമായി ലഭ്യമാണ്. ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി 2022ല്‍ നടത്തിയ ഒരു പഠനത്തില്‍ ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നത് കൗമാരക്കാര്‍ പുകവലി തുടങ്ങാനുള്ള സാധ്യത മൂന്നിരട്ടിയാക്കുമെന്ന് കണ്ടെത്തി.