കാൻബറ: യുദ്ധമേഖലയായ ഗാസയിൽ നിന്ന് പലായനം ചെയ്യുന്ന പാലസ്തീനികൾക്ക് ഓസ്ട്രേലിയയിൽ പ്രവേശനം അനുവദിക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ. ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. ഗാസയിൽ നിന്നുള്ളവർക്കുള്ള സുരക്ഷാ പരിശോധന ദുർബലമാണെന്നും പീറ്റർ ഡട്ടൺ കുറ്റപ്പെടുത്തി.
ഓസ്ട്രേലിയ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹമാസിനെ പിന്തുണയ്ക്കുന്നവരും രാജ്യത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാൽ ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവരെ സ്വീകരിക്കുന്ന് വിവേകപൂർമായ നടപടിയല്ലെന്നും പീറ്റർ ഡട്ടൺ വാദിച്ചു. പലായനം ചെയ്യുന്നവർക്ക് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമില്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനകളിൽ തനിക്ക് തൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഒക്ടോബർ ഏഴ് മുതൽ സന്ദർശക വിസയിൽ എത്തുന്ന പാലസ്തിനികൾക്കായി പുതിയ വിസ സ്കീം അവതരിപ്പിക്കാൻ ലേബർ സർക്കാർ തയ്യാറെടുക്കുമ്പോഴാണ് ശക്തമായ വിയോജിപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയത്.
അതേസമയം, നിലവിൽ ഗാസയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുന്ന മൂന്നിൽ രണ്ട് ആളുകളുടെയും അപേക്ഷ നിരസിക്കപ്പെടുകയാണെന്ന് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ഒക്ടോബർ എഴിന് ഇസ്രയേലിനെതിരേ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് ശേഷം 7,111 വിസ അപേക്ഷകളാണ് ഫെഡറൽ സർക്കാർ നിരസിച്ചത്. അതേസമയം, പാലസ്‌തീൻ അതോറിറ്റിയുടെ യാത്രാ രേഖയുള്ള 2,922 പേർക്ക് വിസ അനുവദിക്കുകയും ചെയ്തു. ഗാസയിൽ നിന്ന് ഓസ്ട്രേലിയയിൽ എത്തിയവരുടെ എണ്ണം ഏകദേശം 1300ന് അടുത്താണ്.
നിരവധി അപേക്ഷകരും കുട്ടികളാണ്. അവരിൽ മിക്കവർക്കും സന്ദർശക വിസ ലഭിച്ചിട്ടുണ്ട്. സന്ദർശക വിസകൾ കാലഹരണപ്പെട്ടാലും ഗാസയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ അവരെ തിരിച്ചയക്കില്ലെന്നാണ് സർക്കാർ പറയുന്നത്. അതിനു വേണ്ടിയാണ് പുതിയ വിസ ക്രമീകരണം നടപ്പാക്കുന്നത്.
അതേസമയം, ആഭ്യന്തര സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവിനെതിരേ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന ആരോപണമാണ് പ്രധാനമന്ത്രി ആന്റണി അൽബനീസി ഉന്നയിച്ചത്. വിഷയം സംബന്ധിച്ച് തങ്ങൾ ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ (എഎസ്ഐഒ) ഡയറക്ട്‌ടർ ജനറലിൽ നിന്നും സുരക്ഷാ ഏജൻസികളിൽ നിന്നും ഉപദേശം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗാസയിൽ നിന്നുള്ള എല്ലാ വിസ അപേക്ഷകളും വിശദമായ സൂരക്ഷാ പരിശോധനൾക്ക് വിധേയമാകുന്നില്ലെന്ന (എഎസ്ഐഒ) ഡയറക്‌ടർ ജനറർ മൈക്ക് ബർഗെസിൻ്റെ വെളിപ്പെടുത്തലാണ് ഇപ്പോഴുള്ള ആശങ്കകൾക്ക് കാരണം. തന്റെ സ്ഥാപനത്തിലേക്കു റഫർ ചെയ്യുന്ന അപേക്ഷകളുടെ സുരക്ഷാ പരിശോധന കൃത്യമായി വിലയിരുത്താറുണ്ടെന്ന് മൈക്ക് ബർഗെസ് പറഞ്ഞു. എന്നാൽ ചില അപേക്ഷകൾ കൃത്യമായി റഫർ ചെയ്യപ്പെടാത്ത സന്ദർരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ആശങ്കയ്ക്കിടയാക്കുന്നത്.
ഭീകര സംഘടനയായ ഹമാസിനെ പിന്തുന്നയ്ക്കുന്നുവെന്ന കാരണത്താൽ ഒരാളുടെ അപേക്ഷ തള്ളിക്കളയില്ലെന്ന സർക്കാരിൻ്റെ നിലപാടാണ് വിവാദങ്ങൾക്കു കാരണം.
“ഹമാസിനെ പിന്തുണയ്ക്കുന്ന ആരെയും ഓസ്ട്രേലിയയിലേക്കു സ്വാഗതം ചെയ്യുന്നില്ലെന്ന വ്യക്തമായ സന്ദേശം നൽകാൻ സർക്കാർ നൽകണമെന്ന് സെനറ്റർ ജെയിംസ് പാറ്റേഴ്‌സൺ പറഞ്ഞു. ഗാസയിൽ നിന്ന് പുറത്തുവരുന്ന ഓരോ വ്യക്തിയെയും എഎസ്‌ഐഒയിലേക്ക് റഫർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.