ബിബിസി ടോപ്പ്ഗിയര്‍ മാഗസിന് ഇന്ത്യയുടെ പുരസ്കാരം നേടി ദുല്‍ഖര്‍ സല്മാന്. വാഹനങ്ങളോട് ഭ്രമമുള്ള അഭിനേതാക്കള്‍ക്ക് കൊടുക്കാറുള്ള പെട്രോള്‍ഹെഡ് ആക്റ്റര്‍ പുരസ്കാരമാണ് ദുല്‍ഖറിന് ലഭിച്ചിരിക്കുന്നത്. ടോപ്പ്ഗിയര്‍ മാഗസിന്റെ 40 പുരസ്കാരങ്ങളില് ഒരെണ്ണം മാത്രമാണ് സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ആ പുരസ്കാരമാണ് ഇന്ത്യന്‍ സിനിമാലോകത്തു നിന്ന് ദുല്‍ഖര്‍ നേടിയിരിക്കുന്നത്.
വാഹനങ്ങളോട്, വിശേഷിച്ച് കാറുകളോടുള്ള തന്റെ കമ്പം അഭിമുഖങ്ങളില്‍ ദുല്‍ഖര്‍ പലപ്പോഴും വെളിപ്പെടുത്താറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് തന്റെ തന്നെ യുട്യൂബ് ചാനലിലൂടെ അദ്ദേഹം സ്വന്തം ഗാരേജിലുള്ള കാറുകള്‍ ഏതൊക്കെയെന്ന് പരിചയപ്പെടുത്തിയിരുന്നു. കുറേയേറെ നാളായി ഞാൻ ചെയ്യണമെന്ന് വിചാരിച്ചിരുന്ന ഒരു കാര്യമാണിത്. പക്ഷേ പതിവ് പോലെ ഒരുപാട് ചിന്തിച്ച് മാറ്റിവച്ചു. ഞാന്‍ ഇന്സെന്സിറ്റീവ് ആയ ഒരാളാണെന്നോ പൊങ്ങച്ചക്കാരനാണെന്നോ നിങ്ങള്‍ കരുതുമെന്നായിരുന്നു എന്റെ ആശങ്ക. പക്ഷേ എന്നെ പോലെ കാറിനോട് ഇഷ്ടവും അഭിനിവേശവും കാത്തു സൂക്ഷിക്കുന്ന ലക്ഷക്കണക്കിന് പേരുണ്ടല്ലോ. അവരുമായി ഇടപഴകാന്‍ ഏറ്റവും നല്ല വഴി ഇതാണെന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്. അതുകൊണ്ട് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി എനിക്ക് കളക്ട് ചെയ്യാന്‍ പറ്റിയ കാറുകളിൽ ചിലത് നിങ്ങൾക്ക് മുൻപിൽ പരിചയപ്പെടുത്തുകയാണ്, എന്ന ആമുഖത്തോടെയാണ് ദുല്‍ഖര്‍ അന്ന് സ്വന്തം കാര്‍ ശേഖരം പരിചയപ്പെടുത്തിയത്.ഇ 46 ബിഎംഡബ്ല്യു എം 3, മെര്‍സിഡെസ് ബെന്‍സ് എസ്എല്‍എസ് എഎംജി, 991.2 പോര്‍ഷെ 911 ജിടി 3, ഇ 36 ബിഎംഡബ്ല്യു എം 3 സലൂണ്‍, ടൊയോട്ട സുപ്ര എംകെ 4, ലാന്‍ഡ് റോവര്‍ ഡിഫെന്റര്‍, റേഞ്ച് റോവര്‍, മസ്ദ മിയാട്ട, നിസാന്‍ 370 ഇഡഡ്, മെര്‍സിഡസ് എഎംജി ജി 63, പോര്‍ഷെ പനമേറ ടര്‍ബോ തുടങ്ങി അതിവിശാലമാണ് ദുല്‍ഖറിന്റെ കാര്‍ ശേഖരം.