പെർത്ത്: ഓസ്ട്രേലിയയിലെ മെൽബൺ രൂപതയിലെ പെർത്ത് സെന്റ് ജോസഫ് ദൈവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷകരമായി കൊണ്ടാടി.
നൂറു കണിക്കിന് വിശ്വാസികൾ വിശുദ്ധ കുർബാനയിലും തുടർന്ന് നടന്ന പ്രദിക്ഷണത്തിലും തിരുക്കർമങ്ങളിലും പങ്കെടുത്തു. ഫാ. അനീഷ് ജെയിംസ് വിസിയും ഫാ. ബിബിൻ വേലംപറമ്പിലുമാണ് തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകിയത്.എന്റെ കർത്താവേ എന്റെ ദൈവമേ എന്ന വിശ്വാസ പ്രഖ്യാപനം നമ്മുടെ ജീവിതത്തിൽ എന്നും ഉണ്ടാകണം. അത് ക്രിസ്തുവിനു വേണ്ടി മരിക്കാൻ തയാറാകുന്ന അവസ്ഥയാണ്.തോമാശ്ലീഹാ നമ്മുടെ മാതൃകയും പൈതൃകവുമാണ്. ഈ കാലഘട്ടത്തിൽ നമുക്ക് അദ്ദേഹം തരുന്ന സന്ദേശം വളരെ വലുതാണ്. ക്രിസ്തുവിനു വേണ്ടി മരിക്കാൻ തയാറാകുന്നത്ര ഉറപ്പുള്ള ഒരു വിശ്വാസത്തിലേക്ക് നാം നീങ്ങണം.ഉഥിതനായ ക്രിസ്തുവിനെ കണ്ടപ്പോൾ എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് തോമാശ്ലീഹാ പ്രഘോഷിച്ചത് പോലെ അദ്ദേഹത്തിന്റെ വിശ്വാസ പാരമ്പര്യം നിലനിർത്തുന്പോഴാണ് നമ്മളും മാർത്തോമ്മാ നസ്രാണികളെന്ന പേരിന് അർഹരാകുന്നത് എന്ന് കുർബാന മധ്യയുള്ള സന്ദേശത്തിൽ ഫാ. അനീഷ് പറഞ്ഞു.
ദ്വിദീമോസ് എന്ന വാക്കിന്റെ അർഥം തന്നെ ഇരട്ട എന്നാണ്. ഈശോയുടെ സ്വഭാവത്തോടോ രൂപത്തോടോ തോമാശ്ലീഹായ്ക്ക് സാദൃശ്യം ഉണ്ടെന്ന് ചരിത്രകാരന്മാർ പറഞ്ഞിട്ടുണ്ട്. തോമാശ്ലീഹായെ സംബന്ധിച്ച് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലാണ് ഏറ്റവും അധികം പരാമർശിക്കപ്പെടുന്നത്.ഉഥിതനെ കണ്ടാലല്ലാതെ വിശ്വസിക്കുകയില്ല എന്ന് പറഞ്ഞ തോമാശ്ലീഹായുടെ വാക്കുകളും നമുക്ക് അവനോടു കൂടെ പോയി മരിക്കാം എന്നു പറയുന്ന ദൃഢനിശ്ചയവും എന്റെ കർത്താവെ എന്റെ ദൈവമേ എന്ന പ്രഘോഷണ മനോഭാവവുമാണ് മാർത്തോമ്മാ ക്രിസ്ത്യാനികൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്നും ഫാ. അനീഷ് സൂചിപ്പിച്ചു.കുർബാനയ്ക്ക് ശേഷം ദൈവാലയത്തെ ചുറ്റിയുള്ള ഭക്തിസാന്ദ്രമായ പ്രദക്ഷിണവും നടന്നു. മെൽബൺ രൂപതയുടെ കീഴിലുള്ള ഏറ്റവും മനോഹരമായ ദൈവാലയങ്ങളിലൊന്നാണ് പെർത്തിലെ സെന്റ് ജോസഫ് പള്ളി.