മലപ്പുറം: അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനും കൂട്ടാളിയും പിടിയിൽ. സംഘത്തലവൻ കോഴിക്കോട് കൊടുവള്ളി കോടൂർ വീട്ടിൽ മുഹമ്മദ് റിജാസ് എന്ന കല്ലു റിജാസ് (25) കൂട്ടാളി കൊടുവള്ളി പാലക്കുറ്റി അമിയംപൊയിൽ മുഹമ്മദ് മുസമ്മിൽ (24 ) എന്നിവരാണ് പിടിയിലായത്. അഞ്ചു മാസം മുൻപ് 80 ലക്ഷത്തോളം വില വരുന്ന മയക്കുമരുന്നുമായി ലഹരിക്കടത്തു സംഘത്തെ പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്.
പൊലീസ് അന്വേഷിച്ചു വന്ന ഇവർ കൊടുവള്ളിയിലെ രഹസ്യ കേന്ദ്രത്തിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി പോലീസിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാാണ് ഇവർ പിടിയിലായത്. ഇതിനിടെ പോലീസിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്തി രക്ഷപ്പെടാനും ശ്രമമുണ്ടായി. നാല് വർഷത്തോളമായി ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ച് നൈജീരിയൻ സ്വദേശിയിൽ നിന്നും നേരിട്ട് ലഹരി മരുന്ന് വാങ്ങി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് ഇയാളുടെ കീഴിൽ വൻ സംഘം തന്നെ പ്രവർത്തിച്ചു വരുന്നുണ്ട്.