കണ്ണൂർ: കണ്ണൂർ തെക്കി ബസാർ മൊട്ടമ്മലിൽ എക്സൈസിന്റെ മയക്കുമരുന്ന് വേട്ട. 24 ഗ്രാം എംഡിഎംഎയും 64 ഗ്രാം കഞ്ചാവുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിലായി. സുൽത്താൻ ബത്തേരി സ്വദേശി ഷിന്റോ ബാബു, തൃശ്ശൂർ മുണ്ടത്തിക്കോട് സ്വദേശി മരിയ റാണി എന്നിവരാണ് പിടിയിലായത്. ചെറുകിട വിൽപ്പനക്കാർക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിൽപെട്ടവരാണ് ഇവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ, കോഴിക്കോട് താമരശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. 12.45 ഗ്രാം എംഡിഎംഎമായി കക്കാട് സ്വദേശി ആഷിഫ് (24) ആണ് വിൽപ്പനയ്ക്കിടെ പിടിയിലായത്. കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോട് വെച്ച് താമരശ്ശേരി പ`ലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടുന്നത്. കെ.എൽ.57 യു -9342 നമ്പർ ബലെനൊ കാറിൽ സഞ്ചരിച്ച് ലഹരി വില്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്. ആഷിഫ് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എം ഡി എം എ യുടെ ഉപയോഗം യുവാക്കൾക്കിടയിൽ വ്യാപകമാവുന്ന സാഹചര്യത്തിൽ കോഴിക്കോട് റൂറൽ എസ് പി ആർ കറപ്പസാമി ഐ പി എസ് ന്റെ നിർദേശപ്രകാരം ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.