സിഡ്നി: ഓസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ വൻ ലഹരി വേട്ട. മെക്സിക്കോയിൽ നിന്ന് ന്യൂ സൗത്ത് വെയിൽസിലേക്ക് കടത്തിയ സ്റ്റീൽ ഹൈഡ്രോളിക് പ്രസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 300 കിലോ മെത്താംഫെറ്റാമൈൻ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് (എഎഫ്പി) കണ്ടെടുത്തു. അന്താരാഷ്ട്ര വിപണിയിൽ 273 ദശലക്ഷം ഡോളർ വിലമതിക്കുന്ന ലഹരി മരുന്നാണിത്. പിടിച്ചെടുത്ത ലഹരിമരുന്ന് മൂന്ന് ദശലക്ഷത്തിലധികം വ്യക്തികൾക്ക് വിൽക്കാൻ കഴിയുന്ന അളവ് വരുമെന്ന് ഉദ്യോഗസ്ഥർ പത്രക്കുറിപ്പിൽ പറഞ്ഞു.ഏപ്രിൽ 18-നാണ് ലഹരി മരുന്ന് അടങ്ങിയ സ്റ്റീൽ ഹൈഡ്രോളിക് പ്രസ് കപ്പലിൽ ന്യൂ സൗത്ത് വെയിൽസിലെത്തിയതെങ്കിലും അതിന്റെ വിശദാംശങ്ങൾ എഎഫ്പി പുറത്തുവിടുന്നത് ഇപ്പോഴാണ്.
ഹൈഡ്രോളിക് പ്രസിന്റെ ഉരുക്കിന്റ സാന്ദ്രതയിൽ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് കണ്ടെത്തിയത്. എൻജിനീയറിങ് വിദഗ്ധർ ഹൈഡ്രോളിക് പ്രസിന്റെ ഉൾഭാഗം തുരന്നപ്പോഴാണ് യന്ത്രസാമഗ്രികൾക്കുള്ളിൽ പൊടി രൂപത്തിലുള്ള വെളുത്ത പദാർത്ഥം കണ്ടെത്തിയത്. പരിശോധനയിൽ ഇത് മെത്താംഫെറ്റാമൈൻ ആണെന്നു കണ്ടെത്തി.മെഷിനറികൾ വേർതിരിച്ചെടുത്തപ്പോൾ ആകെ 79 ബ്ലോക്ക് മെത്താംഫെറ്റാമൈൻ ആണു കണ്ടെത്തിയത്.
വളരെ സംഘടിതമായി പ്രവർത്തിക്കുന്ന ഒരു ക്രൈം സിൻഡിക്കേറ്റിന് മാത്രമേ ഇത്തരമൊരു സങ്കീർണമായ പദ്ധതി നടപ്പാക്കാൻ കഴിയൂ എന്ന് എഎഫ്പി ഡിറ്റക്ടീവ് സർജന്റ് പറഞ്ഞു. ലഹരി മരുന്നിന്റെ ഇറക്കുമതിക്ക് പിന്നിലെ കുറ്റവാളികളെ തിരിച്ചറിയാൻ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് അന്വേഷണം ഊർജിതമാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
മെത്താംഫെറ്റാമൈൻ എന്ന ലഹരി മരുന്നിന്റെ ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ പാർശ്വഫലങ്ങൾ സൃഷ്ടിക്കും. 2020-21 കാലയളവിൽ ഓസ്ട്രേലിയയിൽ ദിവസവും ശരാശരി 33 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.