മാവേലിക്കര: പമ്പയാറ്റിൽ മുങ്ങി മരിച്ച സഹോദരങ്ങൾക്കും സുഹൃത്തിനും നാട് വിട നൽകി. ദുഖം തളം കെട്ടിനിന്ന അന്തരീക്ഷത്തിൽ കണ്ണമംഗലം സെന്റ് ആൻഡ്രൂസ് മർത്തോമ പള്ളിയിലായിരുന്നു മൂന്ന് പേരുടെയും അന്ത്യശുശ്രുഷകൾ. ചെട്ടികുളങ്ങര പേള മൂന്നുപറയിൽ മെറിൻ വില്ലയിൽ ഓട്ടോറിക്ഷ ഡ്രൈവറായ അനിയൻകുഞ്ഞ് – ലിജോമോൾ ദമ്പതികളുടെ മക്കളായ മെറിൻ(18), സഹോദരൻ മെഫിൻ(15), കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് പുത്തൻവീട്ടിൽ കണ്ണമംഗലം സെന്റ് ആൻഡ്രൂസ് മർത്തോമ ചർച്ച് ശുശ്രൂഷകൻ രാജു – ലൗലി ദമ്പതികളുടെ മകൻ എബിൻ മാത്യു(സോനു-24) എന്നിവരുടെ അന്ത്യ ശുശ്രുഷയാണ് ഒരേ ദേവാലയത്തിൽ നടന്നത്.
സമീപങ്ങളിലായുള്ള കല്ലറകളിൽ മൂവരുടെയും മൃതശരീരം അടക്കം ചെയ്തു. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കാര ശുശ്രൂഷ നടന്നത്. മൂവരുടെയും മൃതദേഹം ഇന്നലെ രാവിലെ അവർ പഠിച്ച മറ്റം സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വച്ചു. സുഹൃത്തുക്കളും അധ്യാപകരും പൊതുദർശന വേളയിൽ വിങ്ങിപ്പൊട്ടി. സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയായിരുന്ന മെഫിന്റെ സുഹൃത്തുക്കൾ കരച്ചിലടക്കാൻ നന്നേ പ്രയാസപ്പെട്ടു.
തുടർന്ന് വീടുകളിൽ മൃതദേഹം എത്തിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും അലമുറയിട്ടു കരഞ്ഞപ്പോൾ അവരെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയാതായി. രണ്ടു മക്കളും നഷ്ടമായ അനിയൻകുഞ്ഞിനെയും ലിജോമോളെയും ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. എബിൻ മാത്യുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും വിലാപങ്ങൾ ഉയർന്നു. ഹൃദയഭേദകമായ നിമിഷങ്ങളിലൂടെയാണ് ഓരോ സമയവും കടന്നു പോയത്. പള്ളിയിലെത്തിച്ച മൃതദേഹത്തിൽ എ എം ആരിഫ് എം പിയും ത്രിതല ജനപ്രതിനിധികളുമുൾപ്പെടെ അന്ത്യോപചാരമർപ്പിച്ചു. മാരാമൺ കൺവൻഷനിൽ പങ്കെടുക്കാനായി പോയ യുവാക്കൾ പത്തനംതിട്ട കോഴഞ്ചേരി മല്ലപ്പുഴശേരി പരപ്പുഴക്കടവിലാണ് മുങ്ങി മരിച്ചത്.
ബൈക്കുകളിലാണ് എട്ടംഗ സംഘം മാരാമണിലേക്കു പോയത്. മർത്തോമ പള്ളിയിലെ യുവജന സഖ്യത്തിന്റെ സജീവപ്രവർത്തകരായ മൂവരും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. അതുകൊണ്ടു തന്നെ എല്ലാവർക്കും പരിചിതരാണ് മൂവരും. മെറിൻ നെറ്റ്ബോൾ താരം കൂടിയാണ്. ദേശീയ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. സേനയിൽ ജോലി നേടാനുള്ള ശ്രമങ്ങൾ ഏതാണ്ട് പൂർണതയിലേക്ക് എത്തവെയാണ് മെറിൻ യാത്രയായത്. ശനിയാഴ്ച രാത്രി തന്നെ മെഫിന്റെയും മൈറിന്റെയും മൃതശരീരം കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെയാണ് എബിന്റെ മൃതദേഹം കണ്ടെടുത്തത്. 30 അടി താഴ്ചയിൽ നിന്നാണ് എബിന്റെ മൃതദേഹം കണ്ടെടുത്തത്.