കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കപ്പല്‍ ഗതാഗതം താറുമാറാക്കുന്ന സ്ഥിതിയാണ് പാനമ കനാലില്‍. അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്കുള്ള ചരക്കുനീക്കം എളുപ്പമാക്കുന്ന 82 കിലോമീറ്റര്‍ നീളമുള്ള പാനമ കനാലിലെ ജല നിരപ്പിനെയാണ് വരള്‍ച്ച സാരമായി ബാധിച്ചിരിക്കുന്നത്.
മേഖലയിലെ കടുത്ത വരള്‍ച്ച ജലനിരപ്പ് അതിവേഗത്തില്‍ താഴാന്‍ കാരണമായിട്ടുള്ളത്. മഴക്കുറവ് കാരണം പാനമ കനാലിലെ കപ്പല്‍ ഗതാഗതം വലിയ രീതിയിലാണ് തടസപ്പെടുന്നത്.
കനത്ത ധനനഷ്ടം ഉണ്ടാവുമെങ്കിലും ഒരു വര്‍ഷത്തേക്ക് കപ്പല്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിലവിലെ നീക്കം. വെള്ളം കുറവായതിനാല്‍ ഒരു ദിവസം 32 കപ്പലുകള്‍ക്കേ കടന്നു പോകാന്‍ കഴിയുന്നുള്ളൂ. കപ്പലുകള്‍ കനാല്‍ കടക്കാന്‍ 19 ദിവസം കാത്തിരിക്കേണ്ടി വരുമെന്നാണ് കനാലിന്റെ ചുമതലയുള്ള അധികൃതര്‍ വിശദമാക്കുന്നത്. മഴവെള്ളത്തെ ആശ്രയിക്കുന്നതാണ് പാനമ കനാലിലെ ചരക്കുഗതാഗതം. എല്‍ നിനോ പ്രതിഭാസമാണ് വരള്‍ച്ചയ്ക്ക് കാരണമാകുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിശദമാക്കുന്നത്.
മറ്റ് സമുദ്രപാതകള്‍ കടല്‍ ജലത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുമ്ബോള്‍ പാനമ കനാല്‍ ശുദ്ധജലത്തെയാണ് ആശ്രയിക്കുന്നത്. 2022 ല്‍ ദിവസവും 40 കപ്പലുകളാണ് ഇതുവഴി കടന്നു പോയിരുന്നത്. കനാലിലൂടെ കടന്നുപോകാന്‍ ഓരോ വെസലിനും 200 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് പാനമ കനാലില്‍ വേണ്ടി വരുന്നത്. ഗതാഗത തടസം വരുന്നതോടെ കപ്പല്‍ കമ്ബനികള്‍ മറ്റ് പാതകള്‍ തേടുമോയെന്ന ആശങ്കയിലാണ് പാനമ കനാലിന്റെ നടത്തിപ്പുകാര്‍ നിലവിലുള്ളത്.