മെൽബൺ: ഓസ്ട്രേലിയയിൽ വനിതാ ഫുട്ബോൾ മത്സരത്തോടനുബന്ധിച്ചു നടന്ന ലൈറ്റ് ഷോയ്ക്കിടെ ആകാശത്തുനിന്നു നൂറുകണക്കിന് ഡ്രോണുകൾ നദിയിൽ പതിച്ചു. സാങ്കേതിക തകരാർ മൂലമാണ് ഡ്രോണുകൾ ഒന്നിനു പിന്നാലെ ഒന്നായി നദിയിൽ പതിച്ചത്.വനിതാ ലോകകപ്പിന് നാലുദിനം ശേഷിക്കെ, കഴിഞ്ഞ ദിവസം മെൽബണിലെ ഡോക്ക്ലാൻഡ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിനു മുൻപാണ് സംഭവം. ആതിഥേയരായ ഓസ്ട്രേലിയയും ഫ്രാൻസും തമ്മിലായിരുന്നു മത്സരം. മത്സരത്തിനു മുന്നോടിയായി നടന്ന ലൈറ്റ് ഷോയിൽ ഓസ്ട്രേലിയൻ ടീമിനെ പിന്തുണച്ചുള്ള സന്ദേശങ്ങൾ ആകാശത്തു പ്രദർശിപ്പിക്കുകയായിരുന്നു ഡോണുകളുടെ ദൗത്യം. എന്നാൽ ലൈറ്റ് ഷോയ്ക്കിടെ സാങ്കേതിക തകരാറുണ്ടായി നൂറുകണക്കിന് ഡ്രോണുകൾ യാറ നദിയിലേക്കു പതിക്കുകയായിരുന്നു. സംഭവം കണ്ടുനിന്നവർ ഡ്രോണുകൾ വീഴുന്നതിന്റെ ദൃശ്യങ്ങൾ കാമറയിൽ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
മിന്നാമിന്നിക്കൂട്ടം പോലെ ആകാശത്തു നിലയുറപ്പിച്ച ഡ്രോണുകൾ ഓരോന്നായി കൊഴിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നദിയിൽ വീണ ഡ്രോണുകൾ അഞ്ച് പ്രൊഫഷണൽ മുങ്ങൽ വിദഗ്ധർ ചേർന്നാണ് വീണ്ടെടുത്തത്. നൂറുകണക്കിന് ഡ്രോണുകൾ ശേഖരിച്ച് ബോട്ടുകളിൽ കൂട്ടിയിട്ട് കരയിലെത്തിച്ചു. തുടർന്ന് കാറുകളിൽ അവ കൊണ്ടുപോയി.500 ഡ്രോണുകളാണ് ആകാശത്തേക്കു പറന്നുയർന്നതെന്നും അതിൽ 350 എണ്ണം നദിയിൽ പതിച്ചതായും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്ന ഓസ്ട്രേലിയൻ ട്രാഫിക് നെറ്റ്വർക്ക് പറഞ്ഞു.’തങ്ങൾ രാജ്യത്തുടനീളം നൂറുകണക്കിന് ഷോകൾ നടത്തി. എന്നാൽ വെള്ളിയാഴ്ച സംഭവിച്ചതു പോലൊരു പിഴവ് ആദ്യമായിട്ടാണെന്ന് കമ്പനി വക്താവ് പറഞ്ഞു. ഡോണുകൾ വീണ് ആളുകൾക്ക് പരിക്കേൽക്കുകയോ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് വക്താവ് പറഞ്ഞു.