അബൂദബിയിലെ തെരുവിന് മലയാളിയുടെ പേരിട്ട് യു.എ.ഇയുടെ ആദരം. പത്തനംതിട്ട തുമ്ബമണ്‍ സ്വദേശിയായ ഡോ. ജോർജ് മാത്യുവിനാണ് ഈ അപൂർവ ബഹുമതി.
അബൂദബി മഫ്‌റഖ് ശഖ്ബൂത്ത് സിറ്റിക്ക് സമീപത്തെ റോഡും തെരുവും ഇനി ‘ഡോ. ജോർജ് മാത്യൂ സ്ട്രീറ്റ്’ എന്നാണ് അറിയപ്പെടുക.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് മുതല്‍ അബൂദബി രാജകുടുംബാംഗങ്ങള്‍ക്കൊപ്പം പ്രവർത്തിച്ച അല്‍ഐനിലെ മുതിർന്ന ഡോക്ടറാണ് ജോർജ് മാത്യു. രാജ്യത്തിന്റെ ആരോഗ്യമേഖലക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഒരു തെരുവിന് തന്നെ അദ്ദേഹത്തിന്റെ പേര് നല്‍കി യു.എ.ഇ ആദരിച്ചത്. 57 വർഷമായി യു.എ.ഇയിലുള്ള ഡോക്ടർക്ക് നേരത്തേ യു.എ.ഇ സമ്ബൂർണ പൗരത്വവും അബൂദബി അവാർഡും നല്‍കിയിരുന്നു.
1967 ല്‍ ഇരുപത്തിയാറാം വയസില്‍ ഭാര്യ വല്‍സലക്കൊപ്പം യു.എ.ഇയില്‍ എത്തിയതാണ് ഡോ. ജോർജ് മാത്യൂ. അല്‍ഐനിലെ ആദ്യത്തെ സർക്കാർ ഡോക്ടർമാരിലൊരാളാണദ്ദേഹം. അല്‍ ഐൻ റീജിയന്റെ മെഡിക്കല്‍ ഡയറക്ടർ, ഹെല്‍ത്ത് അതോറിറ്റി കണ്‍സള്‍ട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 84-ാമത്തെ വയസിലും പ്രസിഡൻഷ്യല്‍ ഡിപ്പാർട്ട്‌മെന്റിനു കീഴിലുള്ള പ്രൈവറ്റ് ഹെല്‍ത്തില്‍ ഡോ. ജോർജ് മാത്യൂ സജീവമാണ്.