ലൈംഗികാരോപണ കേസിൽ പണം കൈമാറിയെന്ന് ആരോപിച്ച് അന്വേഷണം നേരിട്ട മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി. ട്രംപിനോട് അടുത്ത ആഴ്ച്ച കീഴടങ്ങാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടും. 2016-ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പോണ് താരമായ സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയെന്ന കേസിലാണ് നടപടി. ബന്ധം പുറത്ത് പറയാതിരിക്കാൻ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 130,000 ഡോളര്‍ പണം നല്‍കിയെന്നാണ് കേസ്. ന്യൂ യോർക്ക് ഗ്രാൻഡ് ജ്യൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലെന്നാണ് ട്രംപിന്റെ ആദ്യ പ്രതികരണം. നിയമപരമായി നേരിടുമെന്നും ട്രംപിന്റെ അഭിഭാഷകർ അറിയിച്ചു.