അങ്ങനെ ഗാസ യുദ്ധം അവസാനിക്കുകയാണ്. സ്ഥിര സമാധാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുമോ എന്നിപ്പോഴും പറയാറായിട്ടില്ല. പക്ഷേ, പ്രതീക്ഷയുണ്ട്. ഇത്രയും നാളത്തെ ചർച്ചകൾക്കിടെ ഇസ്രയേൽ ഹമാസ് മധ്യസ്ഥർ തമ്മിൽ ഒരിക്കലും കണ്ടിട്ടില്ല. ചർച്ചകൾ മധ്യസ്ഥർ തമ്മിലായിരുന്നു. അമേരിക്ക, ഖത്തർ, ഈജിപ്ത്. ഖത്തർ പ്രധാനമന്ത്രിക്ക് ധാരണ പ്രഖ്യാപിക്കാനുള്ള പോഡിയം വരെ തയ്യാറായി. വാർത്താ സമ്മേളനത്തിന് 10 മിനിറ്റ് മുമ്പാണ് ചർച്ചകൾ അവസാനിച്ചത്. അതിലാണ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ ഇടപെടൽ നിർണായകമായത്. ജനുവരിയിൽ നെതന്യാഹുവിനെ കണ്ട വിറ്റ്കോഫ്, ട്രംപിന്റെ ഉത്തരവ് അറിയിച്ചു. ധാരണ വേണം ഉടൻ.
നെതന്യാഹു വഴങ്ങി. പിന്നെ, ദോഹയിലെ ചർച്ചകളിൽ വിറ്റ്കോഫും പങ്കെടുത്തു. അവസാനത്തെ തടസവും നീങ്ങിയത് പ്രഖ്യാപനത്തിന് 10 മിനിറ്റ് മുമ്പ്. പ്രതീക്ഷയ്ക്കും പക്ഷേ, പരിധികളുണ്ട്. അടുത്ത ഘട്ടം എങ്ങനെ എന്നും ഇസ്രയേലിലെ തീവ്രവലതിന്റെ സമ്മർദ്ദവും ഹമാസ് ഇനി എത്ര ബന്ദികളെ ജീവനോടെ മടക്കിക്കൊടുക്കും. ചോദ്യങ്ങൾ ഒരുപാടുണ്ട്. സംശയങ്ങളും മുന്നറിയിപ്പുകളുമുണ്ട്. പക്ഷേ, തൽകാലം ഗാസയിൽ സമാധാനം വരുന്നു.
ഗാസയിലെ വെടിനിർത്തൽ ധാരണ മൂന്ന് ഘട്ടങ്ങളായാണ്. ആറാഴ്ച നീളുന്ന ആദ്യഘട്ടത്തിൽ സമ്പൂർണ വെടിനിർത്തൽ. ബന്ദികളെ ഹമാസും പലസ്തീനി തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. പിന്നെ അടുത്തഘട്ടം. ഖത്തർ, ഈജിപ്ത്, അമേരിക്ക, മൂന്നു കൂട്ടരുടെയും പരിശ്രമഫലമാണ് ധാരണ. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വയം അഭിനന്ദിച്ചു തുടങ്ങി, വലിയൊരളവുവരെ ട്രംപാണ് കാരണക്കാരനെങ്കിലും. പക്ഷേ, ട്രംപ് പഴയ ട്രംപുമല്ല. ഇസ്രയേൽ പഴയ ഇസ്രയേലുമല്ല എന്നൊരടിക്കുറിപ്പ്, മുന്നറിയിപ്പ് പോലെ പലരും പറയുന്നുണ്ട്.
ആദ്യഘട്ടം
33 ഇസ്രയേലി ബന്ദികളെയാണ് ആദ്യം വിട്ടയക്കുക. അതിൽ മൂന്ന് സ്ത്രീകളെ ആദ്യ ദിവസം. ഏഴാം ദിവസം നാല് പേർ. ഓരോ ഏഴ് ദിവസവും മൂന്ന് പേരെ വീതം. ആറാമത്തെ ആഴ്ച, എല്ലാ ബന്ദികളെയും വിട്ടയക്കും. ഹമാസ് നൽകിയ പട്ടികയിലുള്ള തടവുകാരെ ഇസ്രയേലും. 1,000 എന്നാണ് ഹമാസ് കൈമാറിയ രേഖയിലുള്ളത്. അത് ഒക്ടോബർ 8 -ന് അറസ്റ്റിലായവരാണ്. പക്ഷേ, ഹമാസിന്റെ ആക്രമണത്തിൽ പങ്കാളികളല്ലാത്തവർ. 94 ബന്ദികളാണ് ഇനി ശേഷിക്കുന്നത്. അതിൽ 34 പേർ ജീവനോടെയില്ല.മൃതദേഹങ്ങളെയുള്ളൂ. 34 എന്നത് കൃത്യമായ കണക്കാവണമെന്നില്ല. മരിച്ചവരുടെ എണ്ണം കൂടിയേക്കാം.
ആദ്യഘട്ടത്തിൽ തന്നെ ഇസ്രയേലി സൈന്യം ഗാസയിലെ ജനവാസ മേഖലകളിൽ നിന്ന് പിൻമാറും. പലായനം ചെയ്തവർക്ക് തിരിച്ചു പോകാം എന്നാണ് പ്രസിഡന്റ് ബൈഡൻ അറിയിച്ചിരിക്കുന്നത്. ഗാസയിലെ 23 ലക്ഷം പേരാണ് വീടുവിട്ടോടിയത്. അവർക്കെല്ലാം തിരികെ പോരാം. പക്ഷേ, വീടുകൾ ഉണ്ടാവണമെന്ന് നിർബന്ധമില്ല. കൽക്കൂമ്പാരങ്ങൾ മാത്രമേ കാണൂ ചിലപ്പോൾ. അപ്പോഴേക്കും ഗാസയിലേക്ക് ആവശ്യമുള്ള സഹായമെത്തിക്കാനും തുടങ്ങും.
രണ്ടാം ഘട്ടം
രണ്ടാം ഘട്ടം സ്ഥിരമായ വെടിനിർത്തൽ എന്നാണ് പ്രസിഡന്റ് ബൈഡന്റെ വാക്കുകൾ. പക്ഷേ, രണ്ടാം ഘട്ടത്തിന്റെ വിശദാംശങ്ങൾ ആദ്യ ഘട്ടം നടപ്പായിക്കഴിഞ്ഞേ തീരുമാനിക്കൂ എന്നാണ് ഖത്തർ പ്രധാനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. അതിന്റെ ചർച്ചകൾ ധാരണ നടപ്പായി 16 -ാം ദിവസം തുടങ്ങുകയേയുള്ളൂ. ജീവനോടെ ബാക്കിയുള്ള ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം ഇസ്രയേൽ 1,000 പലസ്തീൻകാരെ വിട്ടയക്കും. പക്ഷേ, കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിലുള്ളവരെ വെസ്റ്റ് ബാങ്കിലേക്ക് വിട്ടയക്കില്ല. രണ്ടാം ഘട്ടത്തിൽ തന്നെ ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പൂർണമായും പിൻമാറും.
മൂന്നാം ഘട്ടം
മൂന്നാം ഘട്ടത്തിൽ ഗാസയുടെ പുനർനിർമ്മാണമാണ്. ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് കൈമാറും. 2023 നവംബറിലെ വെടിനിർത്തലിൽ ഹമാസ് 105 ബന്ദികളെ കൈമാറിയിരുന്നു. 240 തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.
സംശയങ്ങൾ ബാക്കി
ഈ വെടിനിർത്തൽ രണ്ടാം ഘട്ടം വരെയെത്തുമോ എന്നുതന്നെ ഉറപ്പില്ല. പക്ഷേ, പ്രതീക്ഷ നശിച്ചിട്ടില്ല. ധാരണ നടപ്പാകുന്നു എന്നുറപ്പിക്കാൻ അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവർ ചേർന്ന് ഒരു സംവിധാനം നടപ്പാക്കും. കയ്റോയാണ് ആസ്ഥാനം. സംയുക്ത സംഘത്തിന്റെ നിരീക്ഷണമാണ് പദ്ധതി. 2023 -ലെ വെടിനിർത്തൽ പോലെ പരാജയപ്പെടില്ല. ഇത്തവണ 42 ദിവസവും ശക്തമായ നിരീക്ഷണം ഉണ്ടാകും. ‘പരാജയപ്പെടാൻ സമ്മതിക്കില്ല’ എന്നാണ് ഖത്തർ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. ധാരണയിൽ എത്തണമെന്ന് ഹമാസിനും താൽപര്യമുണ്ട്.
ട്രംപിന്റെ രണ്ടാം വരവ്
‘താന് അധികാരമേൽക്കും മുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ നരകത്തിന്റെ വാതിലുകൾ തുറക്കും’ എന്ന ട്രംപിന്റെ മുന്നറിയിപ്പ് ഹമാസിന് ഭീഷണിയാണ്. അല്ലെങ്കിൽ തന്നെ ഹമാസിനോട് താൽപര്യമില്ലാത്ത പ്രസിഡന്റ്. എന്തുചെയ്യുമെന്ന് പ്രവചിക്കാൻ കഴിയാത്ത ആൾ. ഗാസയിൽ ഇനിയുമൊന്നും ബാക്കിയില്ല തകരാൻ. ഇസ്രയേലിനെ ട്രംപ് കെട്ടഴിച്ചുവിട്ടാൽ എന്താകും എന്നത് വ്യക്തമായറിയാം എല്ലാവർക്കും.ഇസ്രയേലിന്റെ മേലും ട്രംപിന്റെ സമ്മർദ്ദമുണ്ട്. ബൈഡനെ പോലെയല്ല ട്രംപ്.
ഇസ്രയേലിന് പല തവണ മുന്നറിയിപ്പ് നൽകിയെങ്കിലും ബൈഡൻ ഒരിക്കലും ഇസ്രയേലിനുള്ള ആയുധങ്ങളോ ഫണ്ടുകളോ നിർത്തിവച്ചിട്ടില്ല. ഡമോക്രാറ്റിക് പാർട്ടിയുടെ ആകെയുള്ള നയമാണത്. കമലാ ഹാരിസ് അധികാരത്തിൽ എത്തിയിരുന്നെങ്കിലും ഈ പിന്തുണ തുടരുമായിരുന്നു. അത് തിരിച്ചറിഞ്ഞ മിഷിഗണിലെ അറബ് – അമേരിക്കൻ വോട്ടർമാർ ഇത്തവണ ഡമോക്രാറ്റിക് പാർട്ടിയെ കൈവിട്ടു. 20 ശതമാനം പേരേ ഹാരിസിന് വോട്ട് ചെയ്തുള്ളൂ. യുദ്ധം എങ്ങനെയെങ്കിലും ട്രംപ് അവസാനിപ്പിക്കും എന്ന വിശ്വാസം അവരിൽ പലർക്കുമുണ്ടായിരുന്നു എന്നാണ് വിലയിരുത്തൽ.
നെതന്യാഹുവിന് സമ്മർദ്ദം
പക്ഷേ, അതിനെക്കാൾ സമ്മർദ്ദം നെതന്യാഹു നേരിടുന്നത് സ്വന്തം സഖ്യസർക്കാരിലെ യാഥാസ്ഥിതികരിൽ നിന്നാണ്. പലതവണ ഇസ്രയേൽ ധാരണയിൽ നിന്ന് പിന്നോട്ട് പോയത് അവര് കാരണമാണ്. ധനകാര്യമന്ത്രി ബെറ്റ്സാലെൽ സ്മോട്രിച്ച്നും ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗ്വിറിനും ധാരണയിലേ താൽപര്യമില്ല. ധാരണ ദൂരെക്കളഞ്ഞ് ഗാസ തകർക്കുക. ഹമസിനെ വേരോടെ പിഴുതെറിയുക അതാണ് അരുടെ വാദം. ഇല്ലായെങ്കിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കും. അതാണ് ഭീഷണി.
ഹമാസിന്റെ ശക്തിക്ഷയം
ധാരണ സാധ്യമാകാനുള്ള മൂന്നാമത്തെ കാരണം ഹമാസിന്റെ പ്രാദേശിക സഖ്യങ്ങളുടെ ശക്തിക്ഷയമാണ്. ഇറാന്റെ നേതൃത്വത്തിലെ ആക്സസ് ഓഫ് റെസിസ്റ്റന്സിന്റെ ബലക്ഷയം. ഇറാനിൽ വച്ച് ഹമാസ് നേതാവ് ഹന്യ വധിക്കപ്പെടുകയും ഇസ്രയേൽ ആക്രമണത്തിൽ മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ തകരുകയും ചെയ്തതോടെ ഇറാൻ ഏതാണ്ട് പിൻവാങ്ങി. ഹസൻ നസ്റള്ളയുടെ വധവും പേജർ സ്ഫോടനങ്ങളിൽ എണ്ണമറ്റ നേതാക്കളുടെ മരണവും കൂടിയായപ്പോൾ ഹിസ്ബുള്ളയും പിൻവാങ്ങി. ഹമാസിന്റെ നേതാക്കള് പലരും കൊല്ലപ്പെട്ടു. ഈ അവസരം മുതലാക്കുക എന്നതാണ് പൊതുലക്ഷ്യം.
പക്ഷേ, ഹമാസിന് യുദ്ധം അവസാനിക്കണം. ഇസ്രയേലിന് വേണ്ട. അതാണ് ഇത്രയും നാൾ ചർച്ചകൾ നീണ്ടുപോയത്. ഹമാസിന് ഭീതിയുണ്ട് പലതിലും. ബന്ദികളെ കിട്ടിക്കഴിയുമ്പോൾ ഇസ്രയേൽ വീണ്ടും ആക്രമണം തുടങ്ങുമോ എന്ന ഭീതിയാണതിൽ ഒന്നാമത്. പക്ഷേ, നെതന്യാഹു ചർച്ചകൾക്കായി സുരക്ഷാ ഏജൻസി മേധാവികളെയും സുരക്ഷാ ഉപദേഷ്ടാവിനെയും അയച്ചത് നല്ല ലക്ഷണമായി കാണുന്നു നിരീക്ഷകർ. എല്ലാം സുഗമമായി നടക്കുമെന്ന പ്രതീക്ഷ എല്ലാവർക്കുമുണ്ട്. പക്ഷേ, എന്തും സംഭവിക്കാം.