കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായി. പിടിക്കപ്പെടാതെ ബംഗളൂരുവിൽ എത്താനുള്ള മാർഗ്ഗങ്ങൾ ഇയാൾ രാഹുലിന് പറഞ്ഞുകൊടുത്തു. രാഹുലിനും സുഹൃത്ത് രാജേഷിനും ഇയാൾ വിവിധ സഹായങ്ങൾ നൽകി. ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചു. ഇയാളുടെ കോൾ റെക്കോർഡ്സ് അടക്കം പരിശോധിക്കാൻ കേസന്വേഷിക്കുന്ന പൊലീസ് സംഘം തീരുമാനിച്ചു.
പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആളാണ് ആരോപണ വിധേയൻ. എന്നാൽ ഇയാളുടെ പേര് വിവരം അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇയാൾ നിരന്തരം രാഹുലുമായി ഫോണിൽ സംസാരിച്ചിരുന്നു. പരാതി വിവാദമായ ഉടൻ രാഹുലിനോട് നാട് വിടാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ രാജേഷും ആരോപണ വിധേയനായ പൊലീസുകാരനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും വിവരമുണ്ട്.
പന്തീരാങ്കാവ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തിൽ കമ്മീഷണര്‍ മെമ്മോ നൽകിയിരുന്നു. ഇതേ കേസിൽ പരാതിക്കാരി ആദ്യം പരാതിയുമായി എത്തിയപ്പോൾ പ്രതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് എസ്എച്ച്ഒയെ സര്‍വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. രാഹുലിന് വേണ്ടിയുള്ള തെരച്ചിൽ ഇതിന് ശേഷമാണ് പൊലീസ് തുടങ്ങിയത്. ഇന്റര്‍പോളിന്റെ അടക്കം സഹായം തേടി പൊലീസ് മുന്നോട്ട് പോകുമ്പോഴാണ് പൊലീസ് സേനയിലെ തന്നെ ഒരംഗം പ്രതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചത്.