ഗുരുഗ്രാമം: ആറ് മാസം പ്രായമുള്ള കുട്ടിയെയും അമ്മയെയും ഫ്ലാറ്റിലെ ലിഫ്റ്റില്‍വെച്ച് നായ ആക്രമിച്ചു. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുഗ്രാമത്തിലെ സെക്ടര്‍ 50ലുള്ള ഒരു റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ ആയിരുന്നു സംഭവം. വളര്‍ത്തു നായയുടെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.ഗുരുഗ്രാമത്തിലെ യുനിടെക് ഫ്രെസ്കോ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് സംഭവവുണ്ടായതെന്ന് സെക്ടര്‍ 50 പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. യുനിടെക് ഫ്രെസ്കോയിലെ താമസക്കാരനായ ബ്രിട്ടീഷ് പൗരന് ജസ്വിന്ദര് സിങാണ് പരാതി നല്‍കിയത്. രാത്രി 11 മണിയോടെ ഏഴാം നിലയില്‍ നിന്ന് ഭാര്യയ്ക്കും ആറ് മാസം പ്രായമുള്ള മകനുമൊപ്പം ലിഫ്റ്റില്‍ കയറി. കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ലോറിലേക്ക് പോവുകയായിരുന്നു. ഒരു സൊമാറ്റോ ഡെലിവറി ജീവനക്കാരും ലിഫ്റ്റിലുണ്ടായിരുന്നു.
ലിഫ്റ്റ് അഞ്ചാം നിലയില്‍ നിര്‍ത്തിയെങ്കിലും ആരും അകത്തേക്ക് കയറിയില്ല. ഈ സമയം കുട്ടി കരയാന്‍ തുടങ്ങി. ഇതോടെ ഒരു വളര്‍ത്തുനായ പെട്ടെന്ന് ലിഫ്റ്റിനകത്തേക്ക് വരികയും കുട്ടിയെയും ഭാര്യയെയും ആക്രമിക്കുകയുമായിരുന്നു. താനും സൊമാറ്റോ ഡെലിവറി ജീവനക്കാരനും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് പേര്‍ക്കും സാരമായി പരിക്കേറ്റു. നായയുടെ ഉടമസ്ഥനായ വൃദ്ധി ലൂംബ എന്നയാളാണ് സംഭവത്തിന് ഉത്തരവാദിയെത്തും ഇയാള്‍ നായയെ അഴിച്ചുവിട്ടിരിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
നായയുടെ ഉടമസ്ഥന് പിന്നീട് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ പിന്നീട് റെസിഡന്റ്സ് സൊസൈറ്റിയിലെ ചില അംഗങ്ങള്‍ വാട്സ്ആപ് ഗ്രൂപ്പിലൂടെ അദ്ദേഹത്തിന്റെ കുടുംബത്തെ അപമാനിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. നായയുടെ ഉടമസ്ഥനെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 289-ാം വകുപ്പ് പ്രകാരം നായയുടെ ഉടമസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.