കാൻബെറ: വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓസ്ട്രേലിയക്കാരിയായ നികിത പില്ലിനെ (31) യാണ് റോട്ട്വീലര് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായകള്‍ ആക്രമിച്ചത്.പെര്‍ത്തിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം.കൈകാലുകളില്‍ അടക്കം പരിക്കേറ്റിട്ടുണ്ട്. യുവതി ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുവതിയുടെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ വിവരമറിഞ്ഞത്. ബാറ്റുകളും മറ്റും ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ആക്രമണം തടയാൻ കഴിയാതെ വന്നതോടെ പൊലീസ് നായ്ക്കളില്‍ ഒന്നിനെ വെടിവച്ചു. മറ്റേ നായയെ പിടിച്ചുവയ്ക്കുകയും ചെയ്തു. യുവതി തന്റെ നായകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. ‘ബേബീസ്’ എന്നായിരുന്നു അവയെ വിളിച്ചിരുന്നത്.
കാരണമൊന്നുമില്ലാതെ റോട്ട്വീലര് ആരെയും ആക്രമിക്കാൻ സാദ്ധ്യതയില്ലെന്നാണ് നായയെ യുവതിക്ക് വിറ്റയാള്‍ പറയുന്നത്. ഇരു നായ്ക്കളും തമ്മിലുള്ള അടിയില്‍ യുവതി ഇടപെട്ടതാകാം പ്രകോപനമെന്നും ബ്രീഡര്‍ അഭിപ്രായപ്പെട്ടു.