കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവിന്റെ കുത്തേറ്റ് യുവ ഡോക്ടർ വന്ദന മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഡോക്ടർ കൊല്ലപ്പെട്ടത്. ആശുപത്രിയിൽ പൊലീസിനും ബന്ധുക്കൾക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപ് എന്ന യുവാവാണ് ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ടത്. അഞ്ചോളം കുത്തുകൾ വന്ദനക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. വീട്ടിൽ പ്രശ്നമുണ്ടാക്കിയ ശേഷമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസുകാർക്കും കൈക്കും ശരീരത്തിലും കുത്തേറ്റു. പ്രതി സന്ദീപ് അധ്യാപകനാണെന്നും നാട്ടുകാർ പറയുന്നു.
നിലത്തുവീണ ഡോക്ടറെ സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് കുത്തുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ച ശേഷം ഇയാൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ഡോക്ടറെ തുരുതുരാ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ട്. വീട്ടിൽ അക്രമം കാണിച്ച യുവാവിനെ കൈവിലങ്ങുപോലും ധരിപ്പിക്കാതെ തനിച്ചാണ് ഡോക്ടറുടെ മുറിയിലേക്ക് കടത്തി വിട്ടതെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ട്.