ലോകത്തെ ദുരന്തങ്ങൾ പ്രവചിച്ച് ‘നാശത്തിന്റെ പ്രവാചകൻ’ എന്ന വിളിപ്പേര് നേടിയ നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ വീണ്ടും വാര്‍ത്താ പ്രാധാന്യം നേടുകയാണ്. പോപ്പിന്റെ മരണവും വത്തിക്കാന്റെ തകര്‍ച്ചയും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് നോസ്ട്രഡാമസ് വീണ്ടും വാര്‍ത്താ പ്രധാന്യം നേടിയത്. ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന വത്തിക്കാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നോസ്ട്രഡാമസ് വീണ്ടും ശ്രദ്ധനേടിയത്. പ്രശസ്ത ഫ്രഞ്ച് ജ്യോതിഷിയും നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന മൈക്കൽ ഡി നോസ്ട്രഡാമിന്റെ പ്രവചനങ്ങൾ പണ്ടും ആളുകളെ ആശങ്കയിലാക്കിയിരുന്നു.
ലണ്ടനിലെ വലിയ തീപിടുത്തം, അഡോൾഫ് ഹിറ്റ്ലറുടെ അധികാരത്തിലേക്കുള്ള ഉയർച്ച, സെപ്റ്റംബർ 11 -ന്റെ ആക്രമണം, കോവിഡ്-19 പാൻഡെമിക്, കഴിഞ്ഞ വർഷത്തെ ജപ്പാനിലെ പുതുവത്സര ദിന ഭൂകമ്പം എന്നിവയുൾപ്പെടെയുള്ള ലോകത്തെ സുപ്രധാന ദുരന്തങ്ങളെല്ലാം നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെയാണ് ശ്വാസകോശ സംബന്ധമായ അസുഖമുള്ള പോപ്പിന്റെ ആരോഗ്യ സ്ഥിതി വഷളായെന്നും വൃക്കകൾ തകരാറിലാണെന്നുമുള്ള ആരോഗ്യ റിപ്പോര്‍ട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ പോപ്പിന്റെ മരണവും വത്തിക്കാന്റെ തകര്‍ച്ചയും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്.
1555 -ൽ പ്രസിദ്ധീകരിച്ച ‘ലെസ് പ്രോഫെറ്റീസിൽ’ എന്ന പുസ്തകത്തില്‍ നോസ്ട്രഡാമസ് യുദ്ധങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, രാഷ്ട്രീയ പ്രക്ഷോഭങ്ങൾ, കൊലപാതകങ്ങൾ എന്നിവയെക്കുറിച്ച് നിരവധി പ്രവചനങ്ങൾ നടത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പോപ്പിന്റെയും അദ്ദേഹത്തിന്റെ പിൻഗാമിയുടെയും മരണം നോസ്ട്രഡാമസ് പ്രവചിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. “വളരെ പ്രായമുള്ള ഒരു പോണ്ടിഫിന്റെ മരണത്തിലൂടെ… നല്ല പ്രായമുള്ള ഒരു റോമൻ തെരഞ്ഞെടുക്കപ്പെടും. അവനെക്കുറിച്ച് പറയപ്പെടുന്നത് അവൻ തന്റെ വീക്ഷണത്തെ ദുർബലപ്പെടുത്തുന്നു എന്നാണ്… പക്ഷേ അവൻ വളരെ നേരം ഇരുന്നു കടിപിടി കൂടും.” അദ്ദേഹം പോപ്പിനെ കുറിച്ച് വീണ്ടും എഴുതുന്നു. “വിശുദ്ധ റോമൻ സഭയുടെ അന്തിമ പീഡനത്തിൽ, നിരവധി കഷ്ടതകളിൽ തന്റെ ആടുകളെ മേയിക്കുന്ന റോമൻ പത്രോസ് ഇരിക്കും. ഈ കാര്യങ്ങൾ പൂർത്തിയാകുമ്പോൾ, ഏഴ് കുന്നുകളുടെ നഗരം നശിപ്പിക്കപ്പെടും, ഭയങ്കര ന്യായാധിപൻ തന്റെ ജനത്തെ ന്യായം വിധിക്കും. അവസാനം.” നോസ്ട്രഡാമസ് എഴുതി.
ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ 11 ദിവസമായി ആശുപത്രിയിലാണ്. അദ്ദേഹത്തിന്റെ വൃക്കകൾ തകരാറിലാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരി 14 -നാണ് പോപ്പിനെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി, ശക്തമായ ശ്വസന തടസവും നേരിട്ടു. അതേസമയം അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചത് കാര്യങ്ങൾ സങ്കീര്‍ണ്ണമാക്കി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇപ്പോഴും ആശുപത്രിയില്‍ മുഴുവന്‍ സമയ നീരീക്ഷണത്തിലാണ്.