വാഷിങ്ടണ്: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്. അമേരിക്കയിൽ കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം വിദ്യാർത്ഥിയാണ് ധ്രുവി. ബോളിവുഡ് നടിയും യുണിസെഫ് അംബാസഡറുമാകാനാണ് ആഗ്രഹമെന്ന് ധ്രുവി പട്ടേൽ പറഞ്ഞു.
മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം എന്നത് അമൂല്യമായ ബഹുമതിയാണെന്ന് ധ്രുവി പട്ടേൽ പ്രതികരിച്ചു. ഇത് വെറുമൊരു കിരീടമല്ല. തന്റെ പൈതൃകത്തെയും മൂല്യങ്ങളെയും ആഗോള തലത്തിൽ മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള അവസരങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്ന് ധ്രുവി പട്ടേൽ വിശദീകരിച്ചു. ന്യൂജേഴ്സിയിലെ എഡിസണിൽ നടന്ന ചടങ്ങിലാണ് ധ്രുവിയെ 2024ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം അണിയിച്ചത്.
സുരിനാമിൽ നിന്നുള്ള ലിസ അബ്ദുൽഹക്ക് ഫസ്റ്റ് റണ്ണറപ്പായപ്പോൾ നെതർലൻഡിൽ നിന്നുള്ള മാളവിക ശർമ്മ രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു. മിസിസ് വിഭാഗത്തിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നുള്ള സുആൻ മൗട്ടെറ്റ് വിജയിയായി. ബ്രിട്ടനിൽ നിന്നുള്ള സ്നേഹ നമ്പ്യാർ ഫസ്റ്റ് റണ്ണറപ്പും പവൻദീപ് കൗർ സെക്കന്റ് റണ്ണറപ്പും ആയി.
കൗമാക്കാരുടെ വിഭാഗത്തിൽ ഗ്വാഡലൂപ്പിൽ നിന്നുള്ള സിയറ സുറെറ്റ് മിസ് ടീൻ ഇന്ത്യ വേൾഡ് വൈഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. നെതർലൻഡ്സിൽ നിന്നുള്ള ശ്രേയ സിംഗ്, സുരിനാമിൽ നിന്നുള്ള ശ്രദ്ധ ടെഡ്ജോ എന്നിവർ ഒന്നും രണ്ടും റണ്ണേഴ്സ് അപ്പായി.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റിയാണ് സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്. ഇന്ത്യൻ – അമേരിക്കക്കാരായ നീലം, ധർമ്മാത്മ ശരൺ എന്നിവർ നേതൃത്വം നൽകുന്നു. കഴിഞ്ഞ 31 കൊല്ലങ്ങളായി ഈ മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ സമയമെടുത്ത് നടക്കുന്ന സൌന്ദര്യ മത്സരമാണിത്.