ടെലഗ്രാമിലൂടെ പ്രചരിക്കുന്ന എഐ നിർമ്മിത ‘ഡീപ്ഫേക് പോണോഗ്രഫി’യുടെ തോത് വർധിക്കുന്നതില്‍ പ്രതിഷേധിച്ച് തെക്കൻ കൊറിയയില്‍ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങി.
കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടാണ് ക്രിമിനല്‍ സംഘങ്ങളുടെ പ്രവർത്തനം. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ചാണ്, ഡീപ് ഫേക്കിന്റെ സഹായത്തോടെ കൃത്രിമ അശ്ലീല വിഡിയോകള്‍ നിർമിക്കുന്നത്.
കെ- പോപ്പിന് പ്രസിദ്ധിയാർജ്ജിച്ച തെക്കൻ കൊറിയയില്‍ ഡീപ് ഫേക്ക് കേസുകള്‍ ദിനംപ്രതി വർധിക്കുകയായെന്നാണ് റിപ്പോർട്ടുകള്‍. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മുഖം അവരുടെ അറിവോ സമ്മതമോ കൂടാതെ ഡിജിറ്റലായി സൂപ്പർഇമ്ബോസ് ചെയ്യുന്ന 513 ഡീപ്ഫേക്ക് പോണോഗ്രാഫി കേസുകളാണ് കൊറിയൻ പോലീസ് നിലവില്‍ അന്വേഷിക്കുന്നത്. കഴിഞ്ഞ 40 ദിവസത്തിനിടെ കേസുകളില്‍ 70 ശതമാനത്തിന്റെ വർധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്.
ടെലഗ്രാം കേന്ദ്രീകരിച്ചുള്ള സൈബർ കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവരുടെ കൃത്യമായ എണ്ണം പോലും ലഭ്യമല്ല എന്നതാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നത്. വിദ്യാർഥികളും അധ്യാപകരും സൈനികരും ഉൾപ്പെടെയുള്ള യുവതികളും പെൺകുട്ടികളുമാണ് ഇരകൾ. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഏകദേശം മൂന്നിൽ രണ്ട് ഇരകളും കൗമാര പ്രായക്കാരായിരുന്നു. കുറ്റവാളികളും പ്രായപൂർത്തിയാകാത്തവരാണ്.
ഡീപ് ഫേക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഡീപ്ഫേക്ക് പോണോഗ്രാഫി ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു ടെലിഗ്രാം ചാറ്റ്റൂമിൽ 2,20,000 അംഗങ്ങളും മറ്റൊന്നിൽ 4,00,000-ത്തിലധികം ഉപയോക്താക്കളും ഉണ്ടെന്നാണ് റിപ്പോർട്ട്.
ഉപയോക്താക്കൾക്ക് ഫോട്ടോകൾ അപ്ലോഡ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ അവരുടെ സുഹൃത്തുക്കളുടെയോ സഹപാഠികളുടെയോ പങ്കാളികളുടെയോ മുഖങ്ങൾ ഉപയോഗിച്ച് അശ്ളീല വിഡിയോകൾ നിർമിക്കാൻ ഡീപ് ഫേക്ക് ഉപയോഗിച്ച് സാധിക്കും. ഇതോടെ നിരവധി പെൺകുട്ടികളാണ് സമൂഹമാധ്യമങ്ങളിൽനിന്ന് ചിത്രങ്ങൾ നീക്കം ചെയ്യുകയോ അക്കൗണ്ട് ഡി ആക്ടിവേറ്റ് ആക്കുകയോ ചെയ്യുന്നത്. രാഷ്ട്രീയക്കാരും അധികാരികളും കുറ്റകൃത്യങ്ങൾക്കൊരു പരിഹാരം കണ്ടെത്താനാകാതെ നേട്ടോട്ടമോടുമ്പോൾ ഓൺലൈനിൽ ഉൾപ്പെടെ പ്രതിഷേധം കടുക്കുകയാണ്.
ഇത്തരം പ്രതിസന്ധികൾ ടെലിഗ്രാം കേന്ദ്രീകരിച്ച് നടക്കുന്നുവെന്നതിനാൽ അന്വേഷണത്തിൽ സഹകരിക്കണമെന്ന് തെക്കൻ കൊറിയ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യത്തെ ടെലിഗ്രാം നിരാകരിച്ചുവെന്നാണ് വിവരം. അജ്ഞാതരായിരുന്നുകൊണ്ട് സാങ്കേതിക വിദ്യകളെ ചൂഷണം ചെയ്ത് നടത്തുന്ന ക്രിമിനൽ പ്രവർത്തനമാണ് ഇതെന്ന് അടുത്തിടെ നടന്ന ക്യാബിനറ്റ് യോഗത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ പറഞ്ഞിരുന്നു.
ടെലിഗ്രാമുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആപ്പിന്റെ അധികൃതരുമായി ചേർന്ന് ചർച്ച നടത്തി, വിഷയത്തിൽ പരിഹാരം കാണാനാണ് ശ്രമം നടക്കുന്നത്. കൂടാതെ, ഇരകളിൽ അധികവും സ്കൂൾ വിദ്യാർഥികൾ ആയതിനാൽ അവരുടെ ചിത്രങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്ന് കുട്ടികളെ പഠിപ്പിക്കാനും ഇരകളെ പിന്തുണയ്ക്കാനും വിദ്യാഭ്യാസ മന്ത്രാലയം ടാസ്ക്ഫോഴ്സും ആരംഭിച്ചിട്ടുണ്ട്.
എ ഐ സാങ്കേതിക വിദ്യകളുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പായി വേണം തെക്കൻ കൊറിയയിലെ ഉയരുന്ന കുറ്റകൃത്യങ്ങളെ കാണാനെന്നാണ് വിദഗ്ദർ പറയുന്നത്. നേരത്തെ തെക്കൻ കൊറിയയിൽ സമാനമായി ഒളിക്യാമറകളുടെ ദുരുപയോഗം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അന്നും തങ്ങളുടെ സുരക്ഷയിൽ ആശങ്കാകുലരായ സ്ത്രീകൾ തെരുവിലിറങ്ങിയിരുന്നു.