എഐയുടെ ദ്രുതഗതിയിലുള്ള പുരോഗതിക്കൊപ്പം, അവയുടെ ദൂഷ്യഫലങ്ങളും കടുത്തതായിരിക്കുമെന്ന് പല വിദഗ്ധരും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.നിങ്ങളുടെ സ്ക്രീനില്‍ നിങ്ങള്‍ കാണുന്നത് യഥാര്‍ത്ഥമായിരിക്കില്ല. അവയില്‍ പലതും ഒറിജിനലിനെ വെല്ലുന്ന വ്യാജനാവുകയും ചെയ്താല്‍ നേരിടുക എളുപ്പമാകില്ല.നിലവിലില്ലാത്ത ആളുകളുടെയും സ്ഥലങ്ങളുടെയും ചിത്രങ്ങളും വീഡിയോകളുമെല്ലാം അതിവേഗം സൃഷ്ടിക്കാന്‍ കഴിയും. ഒരിക്കലും കണ്ടിട്ടില്ലാത്ത യഥാര്‍ത്ഥ ആളുകളുടെ മുഖമുള്ള ഒരു അശ്ലീല വീഡിയോ പോലും നിര്‍മിക്കുകയെന്നത് സാധാരണമാകും. ‘ഡീപ്ഫേക്ക് പോണ്’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന വ്യാജ അശ്ലീല വീഡിയോകള്‍ ഭാവിയില്‍ സ്ത്രീകള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുക.
തത്സമയ സ്ട്രീമിംഗ് സൈറ്റായ ട്വിച്ച് അടുത്തിടെ ഡീപ്പ്ഫേക്ക് അശ്ലീലത്തെക്കുറിച്ച് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ‘ഓണ്‍ലൈന്‍ സെക്സ്റ്റോര്ഷന് തട്ടിപ്പുകളെക്കുറിച്ച്’ അവര്‍ ഒരു മുന്നറിയിപ്പ് നല്കി. തട്ടിപ്പുകാര്‍ ഇരയുടെ സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് ഡീപ്ഫേക്കുകള്‍ സൃഷ്ടിക്കുകയും അവ പുറത്തുവിടാതിരിക്കാന്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നു എന്നാതാണ് ട്വിച്ചിന്റെ മുന്നറിയിപ്പ്.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച വിഷ്വലുകളാണ് ഡീപ്ഫേക്കുകള്‍. ആപ്പുകള്‍ വഴിയും വെബ്സൈറ്റുകളിലൂടെയും ആര്‍ക്കും നിഷ്പ്രയാസം ഇത് കൈകാര്യം ചെയ്യാനാകും. സ്ത്രീകളുടെ ചിത്രങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ നീക്കം ചെയ്യാനും അവയ്ക്ക് പകരം നഗ്നമായ ശരീരഭാഗങ്ങള്‍ നല്‍കാനുമെല്ലാം അതിവേഗം സാധ്യമാകുന്നതാണ് ഇത്തരം ആപ്പുകള്‍. പുരുഷന്മാരേയും ഈ രീതിയില്‍ വ്യാജമായി സൃഷ്ടിക്കാമെങ്കിലും സ്ത്രീകളാണ് ഇരകളാക്കപ്പെടുന്നത്.
വര്‍ഷങ്ങളായി ഡീപ്പ്ഫേക്കുകളുണ്ടെങ്കിലും അടുത്തിടെയാണ് സജീവമായത്. നേരത്തെ സെലിബ്രിറ്റികളുടേയും മറ്റും അശ്ലീല വീഡിയോകള്ക്കായിട്ടായിരുന്നു ഇവ കൂടുതല്‍ ഉപയോഗിച്ചിരുന്നത്. സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ ഏതു സ്ത്രീയും എപ്പോള്‍ വേണമെങ്കിലും ഇവരുടെ കുരുക്കില്‍ അകപ്പെടാവുന്ന അവസ്ഥയാണിപ്പോള്‍.
ഡീപ്ഫേക്ക് ജനറേറ്ററുകളുള്ള വെബ്സൈറ്റുകള്‍ ഉപയോഗിച്ച് വൈദഗ്ധ്യമില്ലാത്തവര്‍ക്കുപോലും ഡീപ്ഫേക്ക് പോണ് ഇമേജുകള്‍ സൃഷ്ടിക്കാനാകും. സെലിബ്രിറ്റികളെയും ഉയര്‍ന്ന പൊതു പ്രൊഫൈലുകളുള്ള സ്ത്രീകളെയുമാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, വ്യക്തിവിരോധം തീര്‍ക്കാന്‍ പോലും ഇത് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. അശ്ലീല ഡീപ്ഫേക്കുകള്‍ പലപ്പോഴും സ്ത്രീകളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് നിശബ്ദരാക്കാനും അപമാനിക്കാനും ശ്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പല രാജ്യങ്ങളും ഇത്തരം ഡീപ്ഫേക്ക് ദൃശ്യങ്ങള്‍ക്കെതിരെ നിയമനിര്‍മാണം തുടങ്ങിക്കഴിഞ്ഞു.