റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : ക്രൂഡ് ഓയിൽ ടാങ്ക് വെൽഡ് ചെയ്യുന്നതിനിടയിൽ സ്പോടനമുണ്ടായതിനെ തുടർന്ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശിയുടെ മൃതദേഹം സൗദിയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ ദിശയുടെ വോളന്റീർമാരുടെ പരിശ്രമത്തിൽ നാട്ടിൽ എത്തിച്ചു. ഓയിൽ ടാങ്കിന്റെ ചോർച്ച അടക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ ചെന്നിത്തല മങ്കാകുഴി പാറക്കാട്ട് ഫിലിപ്പ് ജോർജ് എന്ന ഇബ്രാഹിം ഫിലിപ്പ് (55) ന്റെ മൃതദേഹം ആണ് നാട്ടിൽ എത്തിച്ചു അടക്കം ചെയ്തത്. റിയാദിനടുത്ത് മുസാഹ്മിയയിൽ ആണ് അപകടം നടന്നത്. സ്ഫോടനത്തെ തുടർന്ന് ഇദ്ദേഹം അടുത്തുള്ള കെട്ടിടത്തിന് മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇന്ത്യൻ എംബസ്സിയുടെയും സൗദി ഉദ്യോഗസ്ഥരുടെയും സമയോചിതമായ സഹായങ്ങൾ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ഏറെ സഹായകരമായെന്നു ദിശ പ്രവർത്തകർ അറിയിച്ചു. ഭാര്യയും രണ്ടു മക്കളും ഉണ്ട്.