ഒൻപതാമത് ഫിഫ വനിതാ ലോകകപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് ന്യൂസിലൻഡിലെ ഓക്ലന്‍ഡിലുണ്ടായ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.പോലീസുകാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റു. ഓക്ലൻഡ് നഗരത്തില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. എന്നാല്‍ ടൂര്‍ണമെന്റിന് മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് അറിയിച്ചു.
ന്യൂസിലൻഡിലെ പ്രധാന വ്യാവസായിക കേന്ദ്രമായ ഓക്ലൻഡിലെ പണിനടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലായിരുന്നു സംഭവം. കെട്ടിടത്തിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ട് പോലീസ് എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. വെടിയുതിര്‍ത്തുകൊണ്ട് കെട്ടിടത്തിനുള്ളിലെ ലിഫ്റ്റിലേക്ക് കയറുകയായിരുന്നു. പ്രതിയെ കീഴടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തി.വെടിവയ്പ്പുണ്ടായതിന് പിന്നാലെ പോലീസിന്റെയും സായുധ സേനയുടെയും വലിയ സന്നാഹമാണ് നഗരത്തില്‍ സുരക്ഷയ്ക്കായി തമ്ബടിച്ചിരിക്കുന്നത്. വെടിവയ്പ്പ് നടന്നതിന്റെ സമീപത്തായിരുന്നു അമേരിക്കയുടെ ദേശീയ വനിതാ സോക്കര്‍ ലീഗ് മേധാവി ടറ്റ്യാന ഹെന്നിക്ക് താമസിച്ചിരുന്നത്. ”പോലീസ് കാറുകളുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഉടൻ തന്നെ പോലീസുകാരെത്തി മുറിവിട്ടിറങ്ങരുതെന്ന് നിര്‍ദേശിച്ചു. ഇപ്പോള്‍ സുരക്ഷിതയാണ്” – ടറ്റ്യാന പറഞ്ഞു.
വെടിവയ്പ്പിനെ തീവ്രവാദ പ്രവര്‍ത്തനമായി കാണേണ്ടതില്ലെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു. തുടര്‍ ഭീഷണികളോ അപകടസാധ്യതയോ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് കാരണമായതെന്താണെന്ന് മനസിലായിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.വനിതാ ലോകകപ്പിനെത്തിയിട്ടുള്ള ഫിഫ ഉദ്യോഗസ്ഥരും ഫുട്ബോള്‍ ടീമംഗങ്ങളും സുരക്ഷിതരാണെന്ന് ഓക്ലൻഡ് മേയര്‍ അറിയിച്ചു. ഈഡൻ പാര്‍ക്കില്‍ വച്ചുനടക്കുന്ന ആദ്യ മാച്ചില്‍ ന്യൂസിലൻഡും നോര്‍വെയുമാണ് ഏറ്റുമുട്ടുന്നത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കളി നടക്കുന്ന സ്റ്റേഡിയങ്ങളില്‍ സുരക്ഷ ഉറപ്പാക്കാൻ കൂടുതല്‍ സേനയെ വിന്യസിച്ചു. ന്യൂസിലൻഡും ഓസ്ട്രേലിയയും ചേര്‍ന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.