കെയ്റോ: വിവാഹ നിശ്ചയത്തിന്റെ പാര്‍ട്ടിക്കിടെ പ്രതിശ്രുത വരന് ദാരുണാന്ത്യം. 22കാരനായ സയീദ് ഖാലിദ് അല്‍ സയീദ് മുഹമ്മദ് ഇസ്മയില്‍ എന്ന സുഹൈബ് ഖാലിദ് ആണ് മരിച്ചത്. ഈജിപ്തിലാണ് സംഭവം.ഈജിപ്തിലെ പോര്‍ട്ട് സെയ്ദിലെ ശര്‍ഖ് പ്രദേശത്തെ ഫ്രഞ്ച് ഹാളില്‍ വെച്ച് നടന്ന ആഘോഷത്തിന്റെ വീഡിയോയില്‍ സുഹൈബ് ഖാലിദിന്റെ അവസാന നിമിഷങ്ങളും പതിഞ്ഞിരുന്നു. തന്റെ പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന സുഹൈബിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. നൃത്തത്തിനിടെ പെട്ടെന്ന് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നെന്ന്’ ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
ഉടന്‍ തന്നെ സുഹൈബിനെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് അല്‍ സലാം പോര്‍ട്ട് സെയ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സുഹൈബ് കുഴഞ്ഞുവീണപ്പോഴും ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ചടങ്ങില്‍ പങ്കെടുത്തവര്‍. എന്നാല്‍ എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത.