പ്രകൃതി ചിലയിടങ്ങളിൽ മഹാദ്ഭുതങ്ങളൊരുക്കും. ഹിമാലയം, ആമസോൺ മഴക്കാട്, സഹാറ മരുഭൂമി തുടങ്ങി എത്രയെത്ര അദ്ഭുതങ്ങൾ. മഴക്കാടുകൾ എന്നു പറയുമ്പോൾ തന്നെ മനസ്സിലേക്കെത്തുക ആമസോണാകും. എന്നാൽ ലോകത്തെ ഏറ്റവും പഴയ മഴക്കാട് ആമസോണല്ല. ആമസോണിനെക്കാൾ ഒരു കോടി വർഷമെങ്കിലും പഴക്കമുള്ള മറ്റൊരു മഴക്കാടുണ്ട്. അതാണ് ഓസ്ട്രേലിയയിലെ വിഖ്യാതമായ ഡെയിൻട്രീ മഴക്കാടുകൾ.18 കോടി വർഷങ്ങളാണ് ഇതിന്റെ പഴക്കം. ദിനോസറുകളും മറ്റനേകം മൺമറഞ്ഞ വമ്പൻ ജീവികളുമൊക്കെ വിഹരിച്ചിരുന്ന ഒരു കാടാണിതെന്നു ചുരുക്കം.
ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ സ്ഥിതി ചെയ്യുന്ന 1200 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള മഴക്കാടാണു ഡെയിൻട്രീ. 1988ൽ ഈ കാട് യുഎൻ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടി. ഓസ്ട്രേലിയയിലെ പ്രശസ്തമായ ഗ്രേറ്റ് ബാരിയർ റീഫ് ഡെയിൻട്രീ മഴക്കാടുകളുടെ സമീപമാണ്. തിങ്ങി നിറഞ്ഞു നിൽക്കുന്ന മരക്കാടുകൾ, വന്യമായ നദികൾ, വെള്ളച്ചാട്ടങ്ങൾ, മലയിടുക്കുകൾ, വെള്ള മണൽ വാരിവിതറിയ ബീച്ചുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്. 3000 തരത്തിലെ സസ്യങ്ങളും മരങ്ങളും, 107 സസ്തനികൾ, 368 വിഭാഗം പക്ഷികൾ, 111 ഉരഗവർഗങ്ങൾ എന്നിവ ഇവിടെയുണ്ട്. ഓസ്ട്രേലിയയിലെ തവള, ഉരഗ, മാർസൂപ്പിയിൽ ജീവിവർഗങ്ങളിൽ 30 ശതമാനവും ഈ മഴക്കാട്ടിലാണെന്നുള്ളത് കാടിന്റെ ജൈവപരമായ പ്രസക്തി വെളിവാക്കുന്നു. ഇതൊടൊപ്പം ഓസ്ട്രേലിയയിലെ വവ്വാൽ വർഗങ്ങളിൽ 90 ശതമാനവും ഇവിടെയുണ്ട്. ട്രീ കംഗാരു എന്നു പേരുള്ള അപൂർവയിനം കംഗാരുവും ഇവിടത്തെ അന്തേവാസിയാണ്. ഇവയ്ക്കൊപ്പം ഓസ്ട്രേലിയയിൽ മാത്രം കാണാൻ സാധിക്കുന്ന ജീവികളായ പ്ലാറ്റിപ്പസ്, വല്ലബീസ്,പോസം, ബൻഡിക്കൂട്ട് തുടങ്ങിയവയും ഈ കാടിനെ വീടെന്നു വിളിക്കുന്നു.
ആദിമകാലത്ത് ഓസ്ട്രേലിയയുടെ കിഴക്കൻ മേഖല മുഴുവൻ മഴക്കാടുകളായിരുന്നു. പിൽക്കാലത്ത് ഇവ ചുരുങ്ങി. 1832 മുതൽ 1878 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന റിച്ചഡ് ഡെയിൻട്രീ എന്ന ജിയോളജിസ്റ്റിന്റെ പേരിലാണ് ഈ കാടുകൾ അറിയപ്പെടുന്നത്.
ഇംപോർട്ടന്റ് ബേർഡ് ഏരിയ എന്ന പേരിൽ 2656 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ വലിയ ഒരു പക്ഷിസങ്കേതം ഡെയിൻട്രീ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നു. ബോവർ ബേഡ്സ്, ഫെയ്റിവ്രെൻസ്, ഹണീ ഈറ്റേഴ്സ്, തോൺബിൽസ്, പൈഡ് മൊണാർക്ക് തുടങ്ങി ഒട്ടേറെ പക്ഷികൾ ഇവിടെ കാണാം. എന്നാൽ ഇക്കൂട്ടത്തിൽ കുറേ വിശിഷ്ട പക്ഷികളുമുണ്ട്. ഓസ്ട്രേലിയയിലെ പ്രശസ്ത വമ്പൻ പക്ഷികളായ സതേൺ കാസോവറികളാണ് ഇവ. വലുപ്പത്തിൽ ഒട്ടകപ്പക്ഷികളും എമുക്കളും കഴിഞ്ഞാൽ മൂന്നാമതെത്തുന്ന പക്ഷികളാണു കാസോവറികൾ. നീലക്കഴുത്തുകളും കൂർത്ത കൊക്കുകളും കത്തികൾ പോലെയുള്ള നഖങ്ങളുമുള്ള ഇവ വനത്തിനുള്ളിൽ പഴുക്കുന്ന 150ൽ ഏറെ പഴങ്ങൾ ഭക്ഷിക്കുന്നു. ഇവയുടെ കുരുക്കൾ വ്യാപിപ്പിക്കുക വഴി ഈ പഴച്ചെടികൾ വളരാൻ സഹായിക്കുന്നതും ഈ പക്ഷികളാണ്.