നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലമുണ്ടായ ബുദ്ധിമുട്ടിനെ മറികടക്കുന്നതിനായി വിവിധ പദ്ധതികൾ പുതിയ സാമ്പത്തിക വർഷത്തിൽ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് .ജൂലൈ 1 മുതൽ ഏജ്ഡ് കെയർ ജീവനക്കാർക്ക് പ്രഖ്യാപിച്ച 15 ശതമാനം ശമ്പള വർധനവാണ് ഇതിൽ പ്രധാനം. വാർഷിക വരുമാനത്തിൽ 10,000 ഡോളറിന്റെ വർദ്ധനവ് ‘ഏജ്ഡ് കെയർ’ ജീവനക്കാർക്ക് ലഭിക്കുമ്പോൾ 7,000 ഡോളറിന്റെ വർദ്ധനവ് പേഴ്സണൽ കെയർ ജീവനക്കാർക്ക് ലഭിക്കും.
ശമ്പളത്തോടു കൂടിയുള്ള പാരന്റൽ അവധിയിലെ മാറ്റവും കുറഞ്ഞ ചിലവിലുള്ള ‘ചൈൽഡ് കെയർ’ സംവീധാനവുമെല്ലാം ഈ ജൂലൈ മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 12 ലക്ഷത്തോളം കുടുംബങ്ങൾക്ക് കുട്ടികളെ കുറഞ്ഞ ചിലവിൽ ‘ചൈൽഡ് കെയർ ലഭ്യമാക്കുന്ന പദ്ധതിയും ഫെഡറൽ സർക്കാർ ഒരുക്കുന്നുണ്ട്.
അർഹരായ കുടുംബങ്ങൾക്ക് വെദ്യുതി ‘റിബേറ്റ്’ നൽകുന്നതും, ചെറുകിട കച്ചവടക്കാർക്ക് ഊർജ്ജ ക്ഷമത ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതിയും ഈ സാമ്പത്തീക വർഷത്തിൽ പ്രാബല്യത്തിൽ വന്ന മറ്റു ചില പദ്ധതികളാണ്. വൈദ്യുതി നിരക്കിലെ റിബേറ്റ് ഏകദേശം 50 ലക്ഷത്തോളം കുടുംബങ്ങൾക്ക് സഹായകരമാകുമെന്നാണ് കണക്കുകൂട്ടൽ .’ഫസ്റ്റ് ഹോം ഗ്യാരന്റി’ പദ്ധതിയിലും സർക്കാർ മാറ്റങ്ങൾ പ്രഖ്യപിച്ചിരുന്നു. ഇനി മുതൽ വിവാഹിതർക്കും അവിവാഹിത ദമ്പതികൾക്കും പുറമെ ഏതെങ്കിലും രണ്ട് വ്യക്തികൾ ചേർന്ന് വീട് വാങ്ങിയാലും പദ്ധതിയുടെ ഗുണം ലഭിക്കും.’റീജിയണൽ ഫസ്റ്റ് ഹോം ഗ്യാരണ്ടി’യ്ക്കുള്ള യോഗ്യതയിലും ഇതേ മാറ്റം ജൂലൈ മുതൽ ഉണ്ടാകും.ആദ്യമായി വീട് വാങ്ങുന്നവർക്ക് മാത്രമല്ല കഴിഞ്ഞ പത്തു വർഷമായി ഓസ്ട്രേലിയയിൽ സ്വന്തമായി വീടില്ലാത്തവരും ഈ ആനുകൂല്യത്തിന് അർഹരാകും.
ഓസ്ട്രേലിയൻ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് ഈ പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വൈദ്യുത ബില്ലിൽ നൽകുന്ന ‘റിബേറ്റ്’ ലക്ഷകണക്കിന് ഓസ്ട്രേലിയക്കാർക്ക് നേരിട്ട് ഗുണം ചെയ്യുമെന്നും ഇത് പണപ്പെരുപ്പത്തെ കുറയ്ക്കാൻ സഹായിക്കുമെന്നും ട്രഷറർ ജിം ചാൽമെർസ് അഭിപ്രായപ്പെട്ടു.
ഫെഡറൽ സർക്കാർ സഹായത്തിനു പുറമെ വിവിധ സംസ്ഥാനങ്ങളും ടെറിട്ടറികളും സബ്സിഡികൾ പ്രഖ്യാപിച്ചിട്ടുണ്ട്.വെദ്യുത നിരക്ക്, കുട്ടികളുടെ വിദ്യാഭ്യാസം, കൗൺസിൽ നിരക്ക്, എന്നിങ്ങനെ നിത്യ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന മേഖലകളിലാണ് മിക്ക സഹായ പദ്ധതികളും.ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത തരത്തിലുള്ള വൗച്ചറുകൾ ആണ് നൽകുന്നത്.
വൈദ്യുതി നിരക്കിൽ വർഷത്തിൽ 1600$ വരെ ‘എനർജി പയ്മെന്റ്റ് അസ്സിസ്റ്റൻസ് സ്കീം’ വഴി ന്യൂ സൗത്ത് വെയിൽസിൽ താമസിക്കുന്നവർക്ക് ലഭിക്കും.വിക്ടോറിയയിൽ ഉള്ളവർക്ക് വെദ്യുതി, ഗ്യാസ് ബില്ലുകളിൽ 250$ ബോണസ്.550$ ‘കോസ്ററ് ഓഫ് ലിവിങ്ങ് റിബേറ്റ്’ ആണ് എല്ലാ കുടുംബങ്ങൾക്കും ക്വീൻസ്ലാൻഡ് സർക്കാർ കൊടുക്കുന്നത്.എയർ കണ്ടിഷൻ ഉപയോഗത്തിന് അർഹതപ്പെട്ട സ്ഥലങ്ങളിൽ 68 ഡോളർ പ്രതി മാസം റിബേറ്റ് വെസ്റ്റേൺ ഓസ്ട്രേലിയ നൽകുന്നു.അർഹരായവർക്ക് സൗത്ത് ഓസ്ട്രേലിയയിൽ 263 ഡോളർ വരെയുള്ള റിബേറ്റ് വൈദ്യുതി നിരക്കിൽ ലഭിക്കും.അർഹതപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ 750 $ വരെയുള്ള ‘എനർജി റിബേറ്റ്’ ACT യിൽ നല്കുന്നു.ടാസ്മാനിയയിൽ അർഹരായവർക്ക് Annual electricity concession വഴി വൈദ്യുതി ബില്ലിൽ പ്രതി ദിനം 157 സെന്റ്സ് കിഴിവാണ് ലഭിക്കുന്നത്.നോർത്തേൺ ടെറിട്ടറിയിൽ താമസിക്കുന്നവർക്ക് വൈദ്യുതി നിരക്കിൽ ഒരു വർഷത്തിൽ 1200 ഡോളർ വരെ ‘റിബേറ്റ്’ ലഭിക്കും.
ഓരോ സംസ്ഥാനങ്ങളിലേയും മറ്റു റിബേറ്റുകളും വൗച്ചറുകളും നോക്കാം:
ന്യൂ സൗത്ത് വെയിൽസ്
കുറഞ്ഞ വരുമാനം ഉള്ളവർക്ക് വർഷത്തിൽ 285$ ഹൗസ് ഹോൾഡ് റിബേറ്റ്.കുറഞ്ഞ വരുമാനം ഉള്ളവർക്ക് 3Kv സൗരോർജ്ജം ഘടിപ്പിക്കുന്നതിനു 4000$ ഡോളറിന്റെ ക്ലൈമറ് എനർജി ആക്ഷൻ.പാചക വാതക ‘റിബേറ്റ്’ 110$ വരെ.ഇതിനു പുറമെ ടോളുകളിലും, വാഹന രെജിസ്ട്രേഷനും, ആരോഗ്യ മേഖലയിലും അർഹരായ കുടുംബങ്ങൾക്ക് റിബേറ്റുകൾ ലഭിക്കും.
വിക്ടോറിയ
കൌൺസിൽ റേറ്റ് കൊടുക്കുന്നതിൽ 75% വരെ കിഴിവ്.തണുപ്പുകാലത്തെ ഗ്യാസ് ഉപയോഗത്തിന് 300$ വരെയുള്ള സഹായം.വാർഷീക വൈദ്യുതി ബില്ലിൽ പരമാവധി 17.5% വരെയുള്ള കുറവ്.
ക്വീൻസ്ലാൻഡ്
550$ ‘കോസ്ററ് ഓഫ് ലിവിങ്ങ് റിബേറ്റ്’ ആണ് എല്ലാ കുടുംബങ്ങൾക്കും ക്വീൻസ്ലാൻഡ് സർക്കാർ കൊടുക്കുന്നത്.കൌൺസിൽ റേറ്റിൽ 20 % കിഴിവ്.ഗ്യാസ് ബില്ലിൽ വർഷത്തിൽ 87 ഡോളറിന്റെ കുറവ്.
സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് 720 ഡോളറിന്റെ സഹായം.
വെസ്റ്റേൺ ഓസ്ട്രേലിയ
സാമ്പത്തീക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് 960$ വരെ ബില്ലുകൾ അടക്കാനുള്ള സഹായം.318$ വരെയുള്ള ‘എനർജി അസ്സിസ്റ്റൻസ് പയ്മെന്റ്റ്’.
ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
അർഹതപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ 750 $ വരെയുള്ള ‘എനർജി റിബേറ്റ്’.ഗതാഗതം ഊർജ്ജ ബില്ലുകൾ ആരോഗ്യം എന്നിങ്ങനെ വിവിധ മേഖലകളിൽ അറുപതിലധികം റിബേറ്റുകളും ഡിസ്കൗണ്ടുകളുമാണ് ACT സർക്കാർ നൽകുന്നത്.
ടാസ്മാനിയ
മുപ്പതു ശതമാനം വരെ കൗൺസിൽ റേറ്റുകളിൽ കുറവ്.കൂടാതെ ‘ഹീറ്റിംഗ് അലവൻസ്’ 56 ഡോളർ ലഭിക്കും.
സൗത്ത് ഓസ്ട്രേലിയ
ആരോഗ്യം, സാമ്പത്തികം, ഗതാഗതം എന്നിങ്ങനെയുള്ള ജന ജീവിതത്തെ ബാധിക്കുന്ന എല്ലാ മേഖലകളും സൗത്ത് ഓസ്ട്രേലിയ വിവിധ റിബേറ്റുകൾ ആണ് നൽകുന്നത്.
നോർത്തേൺ ടെറിട്ടറി
‘നോർത്തേൺ ടെറിട്ടറി കൺസെഷൻ സ്കീം’ ന്റെ ഭാഗമായിട്ടുള്ളവർക്ക് കൌൺസിൽ റേറ്റിൽ 200 ഡോളർ വരെ കുറവ് ലഭിക്കും.മാലിന്യ സംസ്കരണത്തിന് 180 ഡോളറിന്റെ സഹായവും ശുദ്ധ ജലത്തിന് 800 ഡോളറിന്റ്റെ കിഴിവും അർഹരായവർക്ക് നോർത്തേൺ ടെറിട്ടറിയിൽ ലഭിക്കും.