വെള്ളക്കാരായ ഉദ്യോഗാർത്ഥികൾ മാത്രം ജോലിക്ക് അപേക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നൽകിയ പരസ്യം സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനത്തിന് വഴിയൊരുക്കി. ഡല്ലസിൽ നിന്ന് 60 മൈലിനുള്ളിൽ താമസിക്കുന്ന യുഎസ് പൗരന്മാർ (വെള്ളക്കാർ) മാത്രം അപേക്ഷിക്കുക എന്നായിരുന്നു കമ്പനിയുടെ ഉദ്യോഗാർത്ഥികളെ തേടിക്കൊണ്ടുള്ള പരസ്യം. സാമൂഹിക മാധ്യമങ്ങളിൽ ഇത് വൈറൽ ആയതോടെ വലിയ വിവാദങ്ങൾക്ക് ആണ് വഴി തുറന്നത്.
ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിർജീനിയ ആസ്ഥാനമായുള്ള ആർതർ ഗ്രാൻഡ് ടെക്നോളജീസ് എന്ന കമ്പനിയാണ് ടെക്സാസിലെ ഡല്ലസിലുളള സെയിൽസ് ഫോഴ്സ്, ഇൻഷുറൻസ് ക്ലെയിം ടീമിലേക്ക് ബിസിനസ് അനലിസ്റ്റിനെ തേടിക്കൊണ്ട് ഇത്തരത്തിൽ ഒരു പരസ്യം നൽകിയത്.മൈക്രോബ്ലോഗിംഗ് വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട ഈ പരസ്യം ശ്രദ്ധയിൽപ്പെട്ട ഒരു വ്യക്തിയാണ് കമ്പനിയുടെ വിവേചനപരമായ രീതി ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ പരസ്യം ട്വിറ്ററിലും റെഡ്ഡിറ്റിലും പങ്കുവെച്ചത്. അതോടെ പരസ്യം കണ്ട നെറ്റിസൺസ് രോഷാകുലരാവുകയും കമ്പനിക്കെതിരെ രൂക്ഷവിമർശനങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.
ജോലിക്ക് ഉദ്യോഗാർത്ഥികളെ തേടുമ്പോൾ ഈ നൂറ്റാണ്ടിലും ഇത്തരത്തിലുള്ള വംശീയ വിവേചനങ്ങൾ പിന്തുടരുന്നത് അംഗീകരിക്കാൻ ആകാത്തതാണെന്നും ഇത് കമ്പനിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്നുമാണ് ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചത്. ഉദ്യോഗാർത്ഥികളുടെ കഴിവുകളെ മാനിക്കാതെ നിറവും വംശീയതയും ജോലി നൽകാനുള്ള മാനദണ്ഡങ്ങളായി ഇപ്പോഴും സ്വീകരിക്കുന്നത് ലജ്ജാകരമായ ഒന്നാണ് എന്ന് മറ്റൊരു ഉപയോക്താവ് കമ്പനിയെ വിമർശിച്ചുകൊണ്ട് കുറിച്ചത്.
വിമർശനങ്ങൾ കടുത്തതോടെ ഒടുവിൽ കമ്പനി തന്നെ ന്യായീകരണക്കുറിപ്പും ആയി രംഗത്തെത്തി. കമ്പനിയുടെയോ കമ്പനി അധികാരികളുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ ജോലി പരസ്യം എന്നും പ്രസ്തുത പരസ്യവുമായി ബന്ധപ്പെട്ട് കമ്പനിക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആർതർ ഗ്രാൻഡ് ടെക്നോളജീസ് വ്യക്തമാക്കി. കമ്പനിയുടെ സൽപ്പേര് നഷ്ടപ്പെടുത്തുന്ന രീതിയിൽ ഇത്തരത്തിൽ ഒരു പരസ്യം പ്രചരിപ്പിച്ചവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.