ആലുവ: ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികളെത്തിയില്ലെന്ന വിവാദത്തിന് പിറകെ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലെത്തി മന്ത്രി വീണാ ജോർജ്ജും കളക്ടറും. കുട്ടിയുടെ മാതാപിതാക്കളെ മന്ത്രിവീണാ ജോർജ്ജ് ആശ്വസിപ്പിച്ചു. നടന്നത് പൈശാചികമായ കൊലപാതകമാണെന്നും സമൂഹത്തിന് ആകെ ഉണ്ടായത് വലിയ വേദനയാണെന്നും വീണാ ജോർജ് പറഞ്ഞു.
കുടുംബത്തിന് ആദ്യഘട്ട സഹായം ഉടൻ നൽകും. മറ്റ് സഹായത്തെക്കുറിച്ച് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും. അനാവശ്യ വിവാദങ്ങൾക്ക് പറ്റിയ സമയമല്ല ഇതെന്നും സർക്കാർ പ്രതിനിധികൾ എത്തിയില്ലെന്ന വിവാദത്തോട് മന്ത്രി പ്രതികരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. കുടുംബത്തിന് ധനസഹായം നൽകാൻ ശുപാർശ ചെയ്യുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും പറഞ്ഞു. ജില്ലാ ലേബർ ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.