ഓസ്ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന മകനെ താനോ മകനോ ബന്ധമില്ലാത്ത സാമ്പത്തിക തർക്കത്തിൻ്റെ പേരിൽ നഗരത്തിൽ നിന്നുള്ള മൂന്ന് പേർ തടഞ്ഞുവെച്ച് മർദിച്ചതായി തൽതേജ് നിവാസിയായ പിതാവ് ഞായറാഴ്ച വസ്ത്രപൂർ പോലീസിൽ പരാതി നൽകി.
പരാതിക്കാരനായ മഹേന്ദ്ര പട്ടേൽ (58) തൽതേജിലെ രത്നമണി കോംപ്ലക്സിൽ താമസിക്കുന്ന കർഷകനാണ്. മകൻ സ്മിത് പട്ടേലിനെ വിട്ടയക്കുന്നതിനായി പ്രധാന പ്രതിയായ റുഷി പട്ടേലും സഹായികളായ വിശാൽ ദേശായിയും ഈശ്വർ ദേശായിയും ഇയാളിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നാല് ചെക്കുകൾ കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു.
തന്റെ മകന് 50,000 ഓസ്ട്രേലിയൻ ഡോളർ കടം നൽകിയെന്നും പണം തിരികെ വേണമെന്നും പറഞ്ഞ് ഒന്നര മാസം മുമ്പ് ഒരു അജ്ഞാതനിൽ നിന്ന് തനിക്ക് ഫോൺ വന്നതായി മഹേന്ദ്ര തൻ്റെ എഫ്ഐആറിൽ വ്യക്തമാക്കി .
റുഷിയും സഹായികളും തൻ്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി തന്നോട് മോശം വാക്കുകൾ പ്രയോഗിച്ചുവെന്നും, അവർ പണം തിരികെ ആവശ്യപ്പെട്ടതായും മഹേന്ദ്ര പറഞ്ഞു. പിന്നീട് തൻ്റെ മകനെ ഫോണിൽ വിളിച്ച് റുഷിയുമായി എന്തെങ്കിലും സാമ്പത്തിക തർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചതായും എന്നാൽ റുഷിയിൽ നിന്ന് താൻ പണമൊന്നും വാങ്ങിയിട്ടില്ലെന്നും എന്നാൽ സുഹൃത്ത് അജയ് പട്ടേൽ അയാളിൽ നിന്ന് കടം വാങ്ങിയിട്ടുണ്ടെന്നും മകൻ തന്നോട് പറഞ്ഞതായും മഹേന്ദ്ര പറഞ്ഞു.
പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് റുഷി ഭീഷണിപ്പെടുത്തുകയും മകനെ തല്ലുമെന്ന് പറയുകയും ചെയ്തതായും പിതാവ് വ്യക്തമാക്കി .
സെപ്തംബർ 24 ന് മകന്റെ നമ്പറിൽ നിന്ന് മഹേന്ദ്രയ്ക്ക് ഒരു വീഡിയോ കോൾ ലഭിച്ചു, അതിൽ മൂന്ന് നാല് അജ്ഞാതർ തന്റെ മകനെ മർദിക്കുന്നതായി കണ്ടതായും അദ്ദേഹം വെളിപ്പെടുത്തി . റുഷിക്ക് ഉടൻ പണം നൽകണമെന്ന് തന്നോട് മകൻ പറഞ്ഞതായും അദ്ദേഹം പോലീസിനോട് പറഞ്ഞു.
ഭയന്നുപോയ താൻ പണം നൽകാൻ സമ്മതിക്കുകയും പിന്നീട് റുഷിയും വിശാലും ഈശ്വറും തന്നിൽ നിന്ന് നാല് ചെക്കുകൾ കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു . അതിൽ മൂന്നെണ്ണം ബ്ലാങ്ക് ചെക്കുകളായിരുന്നുവെന്നും നാലാമത്തേതിൽ 5 ലക്ഷം രൂപ അടയ്ക്കേണ്ട തുകയായി എഴുതിയിരുന്നതായും മഹേന്ദ്ര പോലീസിൽ വ്യക്തമാക്കി.
പോലീസിൽ പരാതി നൽകിയാൽ മഹേന്ദ്രയെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് റുഷി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . റുഷി, ഈശ്വർ, വിശാൽ എന്നിവർക്കെതിരെ വസ്ത്രപൂർ പോലീസ് കൊള്ളയടിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പ്രേരണ എന്നിവയ്ക്ക് പരാതി സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു . സംഭവത്തിൽ മകൻ സ്മിത് മെൽബൺ പോലീസിലും പരാതി നൽകിയിട്ടുണ്ടെന്ന് വസ്ത്രപൂർ പോലീസ് ഇൻസ്പെക്ടർ എൽഎൽ ചാവ്ദ പറഞ്ഞു. പ്രതികൾ ഒളിവിലാണെന്നും ചാവ്ദ പറഞ്ഞു.