ലോസ് ആഞ്ചെലെസ്: നീണ്ട കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നു. 2028ലെ ലോസ് ആഞ്ചെലെസ് ഒളിംപിക്‌സില്‍ ക്രിക്കറ്റുണ്ടാവാന്‍ വലിയ സാധ്യതയുള്ളതായി അന്താരാഷ്‌ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നീണ്ട 128 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നത്. ട്വന്‍റി 20 ഫോര്‍മാറ്റിലായിരിക്കും ലോസ് ആഞ്ചെലെസില്‍ മത്സരങ്ങള്‍ നടക്കുക.
ക്രിക്കറ്റ് ലോസ് ആഞ്ചെലെസ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താന്‍ ഏറെ സാധ്യതയുള്ളതായി ഒളിംപിക് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടി20 ഫോര്‍മാറ്റില്‍ പുരഷന്‍മാരുടെയും വനിതകളുടേയും ക്രിക്കറ്റാണ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ഇതോടെ ഏഷ്യയില്‍ ഒളിംപിക്‌സിന് വലിയ മാര്‍ക്കറ്റ് സംഘാടകര്‍ കണക്കുകൂട്ടുന്നു. വനിതകളിലും പുരുഷന്‍മാരിലും ഐസിസിയുടെ ലോക റാങ്കിംഗിന്‍റെ അടിസ്ഥാനത്തില്‍ ആദ്യ അഞ്ചിലുള്ള ടീമുകള്‍ മത്സരിക്കുന്ന തരത്തിലാണ് ഗെയിംസില്‍ ക്രിക്കറ്റ് വിഭാവനം ചെയ്യുന്നത്. 1900ലെ പാരീസ് ഒളിംപിക്‌സിലാണ് ക്രിക്കറ്റ് മുമ്പ് ഇനമായത്. ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിനായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഏറെക്കാലമായി പരിശ്രമിക്കുന്നുണ്ട്. ക്രിക്കറ്റിന്‍റെ ആഗോളസ്വീകാര്യത വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണിത്.
2022ലെ ബര്‍മിംഗ്‌ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ടി20 ക്രിക്കറ്റ് മത്സരയിനമായപ്പോള്‍ വലിയ പിന്തുണ ലഭിച്ചിരുന്നു. ലോസ് ആഞ്ചെലെസ് ഗെയിംസിനായി പരിഗണിക്കാനുള്ള 9 കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടി രാജ്യാന്തര ഒളിംപിക് കമ്മിറ്റി നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. ബേസ്‌ബോള്‍/സോഫ്റ്റ്ബോള്‍, ഫ്ലാഗ് ബോള്‍, ലക്രോസ്, ബ്രേക്ക് ഡാന്‍സ്, കരാട്ടെ, കിക്ക്-ബോക്‌സിംഗ്, സ്‌ക്വാഷ്, മോട്ടോര്‍സ്‌പോര്‍ട് എന്നിവയേയും ലോസ് ആഞ്ചെലെസിലേക്ക് പരിഗണിക്കേണ്ട കായികയിനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റ് 2028ലെ ലോസ് ആഞ്ചെലെസ് ഒളിംപിക്‌സിലുണ്ടാകുമോ എന്ന് ഈ വര്‍ഷം അവസാനത്തോടെ അറിയാം. ക്രിക്കറ്റ് ഒളിംപിക്‌സില്‍ വന്നാല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണത്തിലൂടെ കൂടുതല്‍ വരുമാനമുണ്ടാകും.