കോട്ടയം : കടുത്തുരുത്തി മുളക്കുളത്ത് ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാൻചിറ വട്ടകേരിയിൽ ജോബി ജോസഫിൻ്റെ അഞ്ചു വയസ് പ്രായമായ പശുവാണ് ചത്തത്. കാലിതീറ്റയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ജില്ലയിൽ വിവിധയിടങ്ങളിൽ പശുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കോട്ടയം പാമ്പാടിയിൽ മുപ്പതിലേറെ പശുക്കൾക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുണ്ടായി. കെ.എസ് കാലിത്തീറ്റ നൽകിയ പശുക്കൾക്കാണ് രോഗ ലക്ഷണം. പാമ്പാടി ഈസ്റ്റ് ക്ഷീര സഹകരണ സംഘത്തിൽ നിന്നാണ് കാലിത്തീറ്റ വിതരണം ചെയ്തത്. ജനുവരി 28 ന് കാലിത്തീറ്റ കഴിച്ച കന്നുകാലികൾ അവശനിലയിലാവുകയായിരുന്നു. പാൽ ഉൽപ്പാദനവും കുത്തനെ കുറഞ്ഞു. ബാക്കിയുള്ള സ്റ്റോക്ക് തിരിച്ചെടുക്കാമെന്ന് കമ്പനി കർഷകരെ അറിയിച്ചു. നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
കണ്ണൂർ പയ്യന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരു പശു ചത്തു. പത്തിലേറെ പശുക്കൾക്ക് ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. നാല് പശുക്കൾ ഗുരുതരാവസ്ഥയിലാണ്. ക്ഷീരകർഷകൻ അനിലിന്റെ പശുക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.