ബീജിംഗ് : കൊവിഡ് 19 മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് ചൈന ബോധപൂര്‍വം ജൈവായുധമായി നിര്‍മ്മിച്ച വൈറസാണെന്ന് ആരോപിച്ച് ഗവേഷകൻ രംഗത്ത്.
തുടക്കം മുതല്‍ വൈറസ് ഉത്ഭവത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ തുടരുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ചാവോ ഷാവോ എന്ന ഗവേഷകൻ ഇന്റര്‍നാഷണല്‍ പ്രസ് അസോസിയേഷൻ അംഗം ജെന്നിഫര്‍ സെംഗുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനുഷ്യരടക്കമുള്ള ജീവിവര്ഗ്ഗങ്ങള്ക്കിടെയില് ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് വകഭേദം തിരിച്ചറിയാൻ തന്റെ സഹപ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിരുന്നതായി ഷാവോ പറയുന്നു. 2021 സെപ്തംബറില്‍ നടത്തിയ അഭിമുഖമാണിതെന്ന് ജെന്നിഫര്‍ തന്റെ ബ്ലോഗില്‍ കുറിച്ചു. 2019ല്‍ നാൻജിയാംഗ് നഗരത്തിലുള്ള മേലുദ്യോഗസ്ഥൻ ഷാവോയുടെ സഹപ്രവര്‍ത്തകനായ ഷാന്‍ നാല് കൊറോണ വൈറസ് വകഭേദ സാമ്ബിളുകള്‍ നല്‍കിയെന്നും ഏത് സാമ്ബിളിനാണ് ഏറ്റവും കൂടുതല്‍ വ്യാപന ശക്തിയെന്ന് പരിശോധിക്കാനും നിര്‍ദ്ദേശിച്ചതായി പറയുന്നു.
വൈറസിനെ ജൈവായുധമെന്നാണ് ഷാവോ പരാമര്‍ശിച്ചത്. 2019ല്‍ വുഹാനില്‍ നടന്ന മിലിട്ടറി വേള്‍ഡ് ഗെയിംസിനിടെ ചില സഹപ്രവര്‍ത്തകരെ കാണാതായെന്നും. വിവിധ രാജ്യങ്ങളിലെ അത്ലറ്റുകള് താമസിച്ചിരുന്ന ഹോട്ടലുകളിലെ ശുചിത്വ, ആരോഗ്യ സാഹചര്യങ്ങള്‍ പരിശോധിക്കാൻ ഇവരെ രഹസ്യമായി നിയോഗിക്കുകയായിരുന്നെന്നും ഷാവോ പറയുന്നു. ശുചിത്വ സാഹചര്യങ്ങള്‍ പരിശോധിക്കാൻ വൈറോളജിസ്റ്റുകളുടെ ആവശ്യമെന്തിനാണെന്നും ഒരുപക്ഷേ, വൈറസിനെ വ്യാപിപ്പിക്കാൻ വേണ്ടിയാകാം അവര്‍ അവിടേക്ക് പോയതെന്നും ഷാവോ സംശയം പ്രകടിപ്പിച്ചു. ലോകമെമ്ബാടും 70 ലക്ഷത്തോളം പേരുടെ ജീവനെടുത്ത കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച് ഇപ്പോഴും അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.