ദില്ലി: രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിലെത്തി. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് അനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക 6.91 ശതമാനമായി ഉയർന്നു. ഒരു ദിവസത്തിനിടെ 5580 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്കിൽ വലിയ വ്യത്യാസമാണുണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 3.39 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് പിന്നീട് 5.63 ശതമാനമായി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം ഇന്ന് സംസ്ഥാനങ്ങളിൽ കൊവിഡ് അവലോകന യോഗങ്ങൾ തുടരുകയാണ്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പ്രകാരം പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലെങ്കിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നാണ് കണക്ക്. ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കൂടി. മഹാരാഷ്ട്രയിൽ കേസുകൾ 900 കടന്നു. ദില്ലിയിൽ ഒരു ദിവസത്തിനിടയിൽ കൊവിഡ് സ്ഥിരീകരിച്ചത് 733 പേർക്കാണ്. പോസിറ്റീവിറ്റി നിരക്ക് 20% ആയി ഉയർന്നു. ആകെ രോഗികളിൽ 32 ശതമാനത്തിൽ ഒമിക്രോൺ ഉപവകഭേദമായ എക്സ്ബിബിവൺവൺസിക്സ് കണ്ടെത്തിയതായി ലാബുകളുടെ കൂട്ടായ്മയായ ഇൻസകോഗ് അറിയിച്ചു. ഗോവയിൽ സർക്കാർ ആശുപത്രികളിൽ കഴിയുന്ന രോഗികളിൽ കൊവിഡ് പരിശോധന തുടങ്ങി.