ദില്ലി : കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം വന്‍വിവാദത്തില്‍. പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മോദിക്കെതിരെ രാജ്യവ്യാപകമായി കൂട്ട പരാതി നല്‍കാനും പ്രതിപക്ഷം ആഹ്വാനം ചെയ്തു.
കൂടുതല്‍ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും, നുഴഞ്ഞു കയറ്റക്കാരെന്നും അധിക്ഷേപിച്ചാണ് മുസ്ലീങ്ങള്‍ക്കെതിരെ വിഭാഗീയ പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ ധ്രുവീകരണ ശ്രമം. ‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കും. കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും,സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞു. കൂടുതല്‍ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ ഇവരിലേക്ക് രാജ്യത്തിന്റെ സമ്പത്ത് പോകുന്നതിനെ അനുകൂലിക്കുന്നുണ്ടയോന്നായിരുന്നു വോട്ടര്‍മാരോടുള്ള മോദിയുടെ ചോദ്യം’.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. പെരുമാറ്റച്ചട്ടം ലംഘിച്ച് ധ്രൂവീകരണ ശ്രമം നടത്തിയ മോദിക്കെതിരെ ഉടന്‍ സ്വീകരിക്കണമെന്നും പ്രചാരണ റാലികളില്‍ നിന്ന് വിലക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒന്നാംഘട്ട തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിഞ്ഞ് മോദി വര്‍ഗീയ കാര്‍ഡിറക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ വിമര്‍ശിച്ചു.
ജാതിസെന്‍സെസ് നടപ്പാക്കുന്നതിന് പിന്നാലെ രാജ്യത്ത് സാമ്പത്തിക സര്‍വേ നടത്തി ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ നല്‍കുമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് പ്രധാനമന്ത്രി വഴിതിരിച്ചുവിട്ടത്. രാജ്യത്തെ സ്വത്തിന്റെ ആദ്യ അവകാശികള്‍ ന്യൂനപക്ഷങ്ങളാണെന്ന് 2006ല്‍ മുന്‍പ്രധാനമന്ത്രി മന്മോഹന് സിംഗ് നടത്തിയ പ്രതികരണവും വര്‍ഗീയ കാര്‍ഡിറക്കാന്‍ മോദി കൂട്ടുപിടിച്ചു. പ്രകടനപത്രികയില്‍ മുസ്ലീംലീഗിന്റെ താല്പര്യങ്ങളാണ് കോണ്‍ഗ്രസ് അവതരിപ്പിക്കുന്നതെന്ന വിമര്‍ശനം മോദി നേരത്തെ ഉയര്‍ത്തിയിരുന്നു. ഹിന്ദു മുസ്ലീം ചര്‍ച്ച ഉയരാതിരിക്കാന്‍ വയനാട്ടില്‍ ലീഗിന്റെ കൊടി ഒഴിവാക്കിയതടക്കം ജാഗ്രത കോണ്‍ഗ്രസ് സ്വീകരിക്കുന്നതിനിടെയാണ് മോദിയുടെ കടന്നാക്രമണം.