റോം : വിമാനത്തിന്റെ പുറംചട്ടയില്‍ ഉണ്ടായ തകരാര്‍ ‘സെല്ലോടേപ്പ്’ ഉപയോഗിച്ച് ഒട്ടിച്ചു യാത്ര നടത്തിയ സംഭവത്തില്‍ ഇറ്റലിയില്‍ വിവാദം.ഇന്നലെ രാവിലെ 7.20 നു കാല്യാരി എയര്‍പോര്‍ട്ടില്‍നിന്നു പുറപ്പെട്ട്, 8.14 നു ഫ്യുമിച്ചീനോ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ AZ1588 ഐടിഎ എയര്‍വെയ്സ് വിമാനത്തിന്റെ മുൻഭാഗത്തെ തകരാര്‍ ടേപ്പുപയോഗിച്ച് ഒട്ടിച്ചുവച്ചനിലയില്‍ കണ്ടതാണ് സമൂഹമാധ്യമത്തില്‍ സുരക്ഷാ ചര്‍ച്ചയ്ക്കു കാരണമായത്.
ഈ വിമാനത്തില്‍ റോമിലേക്കുവന്ന സര്‍ദിനിയ റീജിയൻ മുൻ പ്രസിഡന്റ് മൗറോ പിലിയാണ് ടേപ്പ് ഒട്ടിച്ച വിമാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ‘അടച്ചുമൂടിയ പ്രവേശനകവാടം വഴിയാണ് വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചത്. അതിനാല്‍ യാത്രയ്ക്കുമുൻപ് ആരും ഒന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന്’ മൗറോ പിലി. ഫ്യുമിചിനോ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ്, തങ്ങള്‍ യാത്രചെയ്തത് അപമാനകരമായ രീതിയില്‍ പാച്ചുചെയ്ത വിമാനത്തിലായിരുന്നു എന്നു മനസിലായതെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു.
ഫ്ലൈറ്റ് ടിക്കറ്റിനു പണം നല്കുമ്ബോള് യാത്രക്കാര്‍ പരമാവധി സുരക്ഷ പ്രതീക്ഷിക്കുന്നുവെന്നും യാത്ര പുറപ്പെടുന്നതിനുമുൻപ് ഈ ഒട്ടിക്കല്‍ കണ്ടിരുന്നുവെങ്കില്‍ യാത്രക്കാരില്‍ 99 ശതമാനവും ആ വിമാനത്തില്‍ കയറില്ലായിരുന്നുവെന്നും ചിലര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, എല്ലായ്പ്പോഴും അധികാരികള്‍ നിര്‍ദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും യാത്രക്കാരോടും ഓണ്‍-ബോര്‍ഡ് സ്റ്റാഫ് അംഗങ്ങളോടും തികഞ്ഞ ബഹുമാനം പുലര്‍ത്തിക്കൊണ്ടുമാണ് പ്രവര്‍ത്തിക്കുന്നതെന്നും വിവാദത്തോട് പ്രതികരിച്ച ഐടിഎ എയര്‍വേയ്സ് അധികൃതര്‍ പറഞ്ഞു. വിമാനത്തിന്റെ ഒരു പാനലില്‍ കണ്ടെത്തിയ കേടുപാടുകള്‍ താല്‍ക്കാലികമായി നേരിടാൻ അറ്റകുറ്റപ്പണികള്‍ ആവശ്യമായിരുന്നു. വിമാന നിര്‍മ്മാതാവ് അംഗീകരിച്ച നിബന്ധനകള്‍ക്ക് അനുസൃതമായാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. വിമാനത്തില്‍ പതിച്ചതു സെല്ലോടേപ്പ് അല്ലെന്നും അടിയന്തിര സന്ദര്‍ഭങ്ങളില്‍, താപവ്യതിയാനങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പ്രത്യേക രീതിയിലുള്ള മെറ്റാലിക് ഹൈ സ്പീഡ് ടേപ്പ് ആണെന്നും അധികൃതര്‍ പറഞ്ഞു. എയറോനോട്ടിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇത് സാധാരണ ഉപയോഗിക്കാറുണ്ടെന്നും ഐടിഎ എയര്‍വെയ്സ് അധികൃതര്‍ പറഞ്ഞു.