കണ്ണൂര്‍ : കര്‍ഷക യോഗത്തിലെ ‘ബിജെപി വാഗ്ദാന’ പ്രസ്താവനയിൽ ഖേദമില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കര്‍ഷകരുടെ പ്രശ്നങ്ങൾ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടാണ് പറയേണ്ടതെന്നും പാംപ്ലാനി പറഞ്ഞു. പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ഷക പ്രശ്നത്തിന് മാധ്യമ, രാഷ്ട്രീയ ശ്രദ്ധ കിട്ടിയതിൽ സന്തോഷം. നേരത്തേ കര്‍ഷകരുടെ വിഷമങ്ങൾ ചര്‍ച്ചയാകുന്നില്ലായിരുന്നു. ഇപ്പോൾ രാഷ്ട്രീയ പാര്‍ട്ടികൾ എല്ലാം പ്രശ്നങ്ങൾ അന്വേഷിക്കുന്നുവെന്നും പാംപ്ലാനി പറഞ്ഞു.
പ്രസ്താവനയുടെ ഉദ്ദേശം ഉടനെ ബിജെപി എംപി ഉണ്ടാകുമെന്നല്ല. കര്‍ഷകരുടെ നിലവിലെ പ്രശ്നങ്ങൾ നിരവധിയാണ്. വിലത്തകര്‍ച്ച, വന്യമൃഗശല്യം, കേരള ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകൾ ജപ്തി നോട്ടീസ് നൽകുന്നു, കര്‍ഷകരെ തെരുവിലിറക്കുമെന്ന സാഹചര്യം, ഇതെല്ലാം പറയേണ്ടത് കേന്ദ്ര സര്‍ക്കാരിനോടാണ്. പ്രസ്താവന തെറ്റായി തോനുന്നില്ല. കര്‍ഷകരെ കബളിപ്പിക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി. കര്‍ഷകരുടെ ശബ്ദമായാണ് ആ വിഷയം താൻ അവതരിപ്പിക്കുന്നത്. അതിനെ ക്രൈസ്തവരും ബിജെപിയും തമ്മിൽ അലയൻസായെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നു. സംസാരിക്കുന്നത് സഭയുടെ പ്രതിനിധിയായല്ലെന്നും കര്‍ഷകരിലൊരാളായാണെന്നും താനും ഒരു കര്‍ഷകനാണെന്നും പാംപ്ലാനി പറഞ്ഞു.
ഉത്തരേന്ത്യയിൽ സ്റ്റാൻസ്വാമിയടക്കമുള്ള പുരോഹിതര്‍ ആക്രമിക്കപ്പെടുന്നതിനെ ഓര്‍മ്മിപ്പിച്ചപ്പോൾ നിങ്ങളെന്തിനാണ് ചെക്കോസ്ലോവാക്യയിലെയും നിക്കരാഗ്വേയിലെയും കാര്യം പറയുന്നതെന്ന ശ്രീനിവാസൻ സിനിമയിലെ ഡയലോഗും അദ്ദേഹം പറഞ്ഞു. മലയോര കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുന്ന വിഷയം കോൺഗ്രസിനോടോ സിപിഎമ്മിനോടോ പറഞ്ഞിട്ട് കാര്യമില്ല, ഇറക്കുമതി തീരുവയ്ക്ക് മാറ്റം വരുത്താൻ കഴിയുന്ന രാജ്യം ഭരിക്കുന്ന സര്‍ക്കാരിനോടാണ് അത് പറയേണ്ടത്. അല്ലാതെ പള്ളി ആക്രമിക്കുന്ന സങ്കികളോടും അവരുടെ ഗുണ്ടായിസത്തോടുമല്ല താൻ സംസാരിച്ചത്.
കര്‍ഷകര്‍ക്ക് പിന്തുണ നൽകുമോ എന്ന് പറയേണ്ടത് അവരാണ്. കേരളത്തിൽ എംപിയില്ലാ എന്നാണല്ലോ ബിജെപി പറയുന്നത്. ആദ്യം കര്‍ഷകരുടെ പ്രശ്നം പരിഹരിക്കൂ. അപ്പോൾ കര്‍ഷകര്‍ ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് താൻ പറഞ്ഞതെന്നും പാംപ്ലാനി ആവര്‍ത്തിച്ചു.