ഹൈദരാബാദ്: ജർമൻ പൗരനായിരിക്കെ വ്യാജരേഖ ചമച്ച് ഇന്ത്യൻ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്ത മുൻ എംഎൽഎയും ബിആർഎസ് നേതാവുമായ ചെന്നമനേനി രമേശിന് കോടതിയിൽ കനത്ത തിരിച്ചടി. രമേശിനു 30 ലക്ഷം രൂപ പിഴ ചുമത്തി. കോൺഗ്രസ് നേതാവ് ആദി ശ്രീനിവാസ് നൽകിയ ഹർജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ വിധി. 2023 ലെ തെരഞ്ഞെടുപ്പ് കേസിലാണ് വിധി.
ഈ തെരഞ്ഞെടുപ്പിൽ രമേശ് മത്സരിച്ചിരുന്നു. ജർമൻ എംബസിയിൽനിന്ന് താൻ ആ രാജ്യത്തെ പൗരനല്ലെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ നൽകുന്നതിൽ രമേശ് പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. പിഴത്തുകയിൽ 25 ലക്ഷം രൂപ കോൺഗ്രസ് നേതാവ് ശ്രീനിവാസിനു നൽകണമെന്നും കോടതി ഉത്തരവിട്ടു. 4 തവണ വെമുലവാഡ സീറ്റിൽ നിന്ന് രമേശ് എംഎൽഎയായി വിജയിച്ചിരുന്നു. അവിഭക്ത ആന്ധ്രപ്രദേശിൽ 2009 ൽ തെലുങ്ക് ദേശം പാർട്ടിയുടെ സ്ഥാനാർഥിയായാണ് രമേശ് മത്സരിച്ചത്.